പൊളിച്ചുമാറ്റിയ എയിഡ് പോസ്റ്റ് മൂന്ന് വര്‍ഷമായിട്ടും പുനഃസ്ഥാപിച്ചില്ല
ആലത്തൂര്‍: കുടുംബശ്രീ വനിതാ കാന്റീന് കെട്ടിടം നവീകരിക്കുന്നതിനായി പൊളിച്ചുമാറ്റിയ ആലത്തൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ പൊലിസ് എയിഡ് പോസ്റ്റ് മൂന്ന് വര്‍ഷമായിട്ടും പുനഃസ്ഥാപിച്ചില്ല. 2015 ജൂലൈയിലാണ് പഴയ ഒറ്റനില ഓടിട്ട കെട്ടിടം പൊളിച്ചുമാറ്റിയത്. ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന പൊലിസ് എയിഡ് പോസ്റ്റും പൊളിച്ചുമാറ്റി. പുതിയ കുടുംബശ്രീ യൂട്ടിലിറ്റി സെന്റര്‍ കെട്ടിടത്തില്‍ പൊലിസ് എയിഡ് പോസ്റ്റിന് പഞ്ചായത്ത് സ്ഥലം അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല.
ഇതോടെ ദിനേന നൂറ് കണക്കിന് ബസുകള്‍ കയറിയിറങ്ങുന്ന പുതിയ ബസ് സ്റ്റാന്‍ഡില്‍ പൊലിസ് എയിഡ് പോസ്റ്റില്ലാതായി. പൊലിസിന്റ സ്ഥിരം സംവിധാനം ഇല്ലാതായതോടെ സ്വകാര്യ ബസുകാര് തോന്നിയപോലെയാണ് സ്റ്റാന്‍ഡില്‍ കയറുന്നത്. മാത്രമല്ല പല ബസുകളും സ്റ്റാന്‍ഡില്‍ കയറാതെ പോകുന്ന അവസ്ഥയുമുണ്ട്. വിദ്യാര്‍ഥികളാണ് പൊലിസ് എയിഡ് പോസ്റ്റ് ഇല്ലാത്തതിനാല്‍ ദുരിതമനുഭവിക്കുന്ന മറ്റൊരു വിഭാഗം. വിദ്യാര്‍ഥികളെ ദീര്‍ഘനേരം ക്യൂ നിര്‍ത്തിയാണ് ബസില്‍ കയറ്റുന്നത്.
വനിതാ കാന്റീന് കെട്ടിടംനിന്നിരുന്ന സ്ഥലത്ത് ജില്ലാ പഞ്ചായത്ത് ബി.ആര്.ജി.എഫ് ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് കുടുംബശ്രീ യൂട്ടിലിറ്റി സെന്ററും അതോടൊപ്പം വനിതാ കാന്റീനും നവീകരിച്ച് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പൊലിസ് എയിഡ് പോസ്റ്റ് സ്ഥാപിക്കാന്‍ നടപടിയായിട്ടില്ല. കുടുംബശ്രീ കാന്റീനോട് ചേര്‍ന്ന് താല്‍ക്കാലികമായി എയിഡ് പോസ്റ്റ് പ്രവര്‍ത്തനം തുടങ്ങാന്‍ പൊലിസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ഗംഗാധരന് പറഞ്ഞു. പിന്നീട് ഇതിനായി കെട്ടിടം നിര്‍മിച്ച് നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."