ഇഴഞ്ഞുനീങ്ങി പേര്യ റോഡ് പ്രവൃത്തി; പൊടിശല്യത്തില്‍ പൊറുതിമുട്ടി ജനം
മാനന്തവാടി: ഏറെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം മാനന്തവാടി-തലശേരി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നത് പൊതുജനങ്ങളെ വലക്കുന്നു. രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച റോഡ് പണി 30നകം തീര്‍ക്കുമെന്നാണ് അധികാരികള്‍ ഒടുവില്‍ നല്‍കിയ ഉറപ്പ്.
ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് ആലാറ്റില്‍ യൂത്ത് വിങ്ങും വരയാല്‍ നാട്ടുകൂട്ടവും വ്യക്തമാക്കിയിട്ടുണ്ട്. ആലാറ്റില്‍ യൂത്ത് വിങ് നടത്തിയ അനിശ്ചിത കാല സത്യാഗ്രഹം അവസാനിപ്പാക്കുമ്പോള്‍ തഹസില്‍ദാറും വരയാല്‍ നാട്ടുകൂട്ടം ബോയ്‌സ് ടൗണില്‍ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിക്കുമ്പോള്‍ സബ് കലക്ടറും റോഡ് പണി അടിന്തരമായി പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
പിന്നീട് എം.എല്‍.എയും ഉറപ്പ് ആവര്‍ത്തിച്ചു. എന്നിട്ടും റോഡ് പണിക്ക് ഇനിയും വേഗത കൈവന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൊളിച്ചിട്ടിരിക്കുന്ന റോഡില്‍ നിന്ന് പൊടി ഉയരുന്നത് യാത്രക്കാരെ വലക്കുകയാണ്. വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിനോടുള്ള അധികൃതരുടെ അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതേ റോഡിന്റെ ഭാഗമായി കണിയാരത്ത് നടക്കുന്ന നവീകരണ ജോലികളുടെ അവസ്ഥയും വ്യത്യസ്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."