തദ്ദേശ തെരഞ്ഞെടുപ്പ്: വാര്‍ഡ് പുനര്‍നിര്‍ണയം അവതാളത്തില്‍; സര്‍ക്കാരിന് തെര. കമ്മിഷന്‍ കത്തയച്ചു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തേണ്ട വാര്‍ഡ് വിഭജനം അവതാളത്തില്‍. വാര്‍ഡ് പുനര്‍നിര്‍ണയത്തിനായി സര്‍ക്കാര്‍ സമതി രൂപീകരിച്ചെങ്കിലും സെക്രട്ടറിയെ നിയമിക്കാത്തതും മറ്റു സൗകര്യങ്ങള്‍ ഒരുക്കാത്തതും കാരണം ഈ സമിതിക്ക് ഇതുവരെ പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല.
വാര്‍ഡ് പുനര്‍നിര്‍ണയത്തിനുള്ള സമിതിക്ക് സെക്രട്ടറിയെ നിയമിക്കണമെന്നും സമിതിയുടെ പ്രവര്‍ത്തനത്തിനുവേണ്ടി ജീവനക്കാരെ ഉള്‍പ്പെടെ മറ്റു സൗകര്യങ്ങള്‍ ചെയ്തു നല്‍കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത ഒക്ടോബറോടെ നടത്തേണ്ടതിനാല്‍ ഒരു വര്‍ഷത്തില്‍ താഴെ കാലയളവ് മാത്രമാണ് അവശേഷിക്കുന്നത്. പുനര്‍നിര്‍ണയ നടപടികളോട് എതിര്‍പ്പുണ്ടാകുന്ന സാഹചര്യത്തില്‍ വിഷയം കോടതി കയറാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ എല്ലാം തകിടം മറിയുന്ന അവസ്ഥയുണ്ടാകും. ഇതാകട്ടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തടസമാകും.
പുതിയ കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെതന്നെ ഉത്തരവിറക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇനി വാര്‍ഡുകളുടെ പുനര്‍നിര്‍ണയം മാത്രം നടത്തിയാല്‍ മതിയാകും. ഇതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും എത്ര വാര്‍ഡുകള്‍ വേണമെന്നും സ്ത്രീ, എസ്.സി, എസ്.ടി സംവരണ വാര്‍ഡുകള്‍ എത്രയെന്നുമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. ഇതിനായി പഞ്ചായത്ത് ഡയറക്ടറും മുന്‍സിപ്പാലിറ്റി ഡയറക്ടറും ഉത്തരവിറക്കേണ്ടതുണ്ട്.
2015ല്‍ സംഭവിച്ചതുപോലെ പുനര്‍നിര്‍ണയം സംബന്ധിച്ച് പരാതികള്‍ ഉയരുകയും അത് കോടതികയറുകയും ചെയ്താല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതുകൊണ്ട് സമയബന്ധിതമായി പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കേണ്ടതും അത്യാവശ്യമാണ്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരനാണ് അതിര്‍ത്തി നിര്‍ണയിക്കേണ്ട സമിതിയുടെ അധ്യക്ഷന്‍. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, റവന്യൂ, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗര്‍ഗ് തുടങ്ങിയവരാണ് സമിതിയില്‍ അംഗങ്ങള്‍. പക്ഷേ സെക്രട്ടറിയെ നിയമിക്കാത്തതു കാരണം സമതിക്ക് ഒരു പ്രവര്‍ത്തനവും തുടങ്ങാനായിട്ടില്ല.
2011ലെ സെന്‍സസ് അനുസരിച്ചാണ് വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുന്നത്. ഒരു പഞ്ചായത്തില്‍ 13 സീറ്റില്‍ കുറയാനോ 23 സീറ്റില്‍ കൂടാനോ പാടില്ലെന്നുണ്ട്. മുന്‍സിപ്പാലിറ്റികളില്‍ ഇത് 25 മുതല്‍ 52 വരെയും കോര്‍പ്പറേഷനുകളില്‍ 55 മുതല്‍ 100 വരെയുമാണ്. ഈ പരിധി കൂട്ടേണ്ട സാഹചര്യമാണെങ്കില്‍ പഞ്ചായത്തീരാജ് നിയമത്തില്‍ ഭേദഗതി വേണ്ടിവരും.
941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും ഉള്‍പ്പെടെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."