വിളംബരജാഥയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം
ആലപ്പുഴ: നെഹ്രുവിന്റെ കൈയൊപ്പുപതിഞ്ഞ നെഹ്‌റു ട്രോഫിയുമായുള്ള വിളംബരജാഥ പര്യടനത്തിന് ആലപ്പുഴയില്‍ പ്രൗഢഗംഭീരമായ തുടക്കം. 64-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിളംബര ജാഥയുടെ ഫ്‌ളാഗ് ഓഫ് ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തില്‍ ജില്ലാ പൊലീസ് മേധാവി എ. അക്ബര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയ്, പബ്ലിസിറ്റി കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജലോത്സവത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഫോട്ടോ-വീഡിയോ പ്രദര്‍ശനം, നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ രചിച്ച ഉണര്‍ത്തുപാട്ട്, നെഹ്‌റു ട്രോഫി ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ പരിപാടിയുടെ സവിശേഷതകളാണ്. വിവിധ കാലങ്ങളിലെ നെഹ്രു ട്രോഫി ജലമേളയുടെ 75 ഓളം ഫോട്ടോകള്‍ വിളംബര ജാഥയുടെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇന്നലെ നഗരചത്വരം, എസ്.ഡി. കോളജ് ജങ്ഷന്‍, അമ്പലപ്പുഴ ബസ് സ്റ്റാന്‍ഡ്, ഹരിപ്പാട്, തോട്ടപ്പള്ളി ജങ്ഷന്‍, ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, നങ്യാര്‍കുളങ്ങര ജങ്ഷന്‍, കായംകുളം കെ.എസ്.ആര്‍.ടിസി. ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ഇന്ന് കരുനാഗപ്പള്ളി, ചവറ, കൊല്ലം കളക്‌ട്രേറ്റ്, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ജാഥ പര്യടനം നടത്തും. കൊല്ലം കളക്ടറേറ്റില്‍ രാവിലെ 11.00ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും പ്രസ് ക്ലബിന്റെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വൈകിട്ട് നാലിന് പത്തനംതിട്ട ടൗണില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും പ്രസ് ക്ലബിന്റെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. രണ്ടാംദിവസത്തെ പര്യടനം ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.
നാളെ രാവിലെ ഒമ്പതിന് തിരുവല്ലയില്‍നിന്ന് പര്യടനം ആരംഭിക്കും. ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, ചിങ്ങവനം, കോട്ടയം പ്രസ്‌ക്ലബ്, കളക്‌ട്രേറ്റ്, തിരുനക്കര, താഴത്തങ്ങാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം പ്രസ്‌ക്ലബില്‍ പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 2.30ന് കളക്‌ട്രേറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഓഗസ്റ്റ് 12ന് കുമരകം, തലയാഴം, ഉല്ലല, വൈക്കം, വൈറ്റില, ഇടപ്പള്ളി, എറണാകുളം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ഓഗസ്റ്റ് 13ന് അരൂര്‍, ചേര്‍ത്തല, തണ്ണീര്‍മുക്കം, കലവൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ ആലപ്പുഴയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."