കണിമംഗലത്തുകാര്‍ കണികണ്ടുണരുന്നത് മേയറെ
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ കണിമംഗലത്തുകാര്‍ കണികണ്ടുണരുന്നത് മേയറെ. കേള്‍ക്കുമ്പോള്‍ അല്‍പ്പം കൗതുകമുണ്ടെങ്കിലും കാര്യം ഇതാണ്. പാല്‍ക്കാരിയില്‍ നിന്നും മേയര്‍ പദവിയിലെക്കുയര്ന്ന തങ്ങളുടെ സ്വന്തം കൗണ്‍സിലര്‍ നാട്ടുകാര്‍ക്കിപ്പോഴും സുപരിചതയായ പാല്‍ക്കാരി തന്നെയാണ്. തൃശൂര്‍ കോര്പറേഷന് മേയറായി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐയിലെ അജിത വിജയനാണ് 18 വര്‍ഷമായി ഡിവിഷനിലെ പാല്‍ക്കാരി. പാലയ്ക്കല്‍ പാലിശേരി ആറോക്കില് വീട്ടില്‍ മാധവന്‍നായരുടെയും അമ്മിണിയുടെയും മകളായ അജിത കണിമംഗലം വലിയാലുക്കല്‍ തിരുനിലത്ത് വീട്ടില്‍ വിജയന്റെ ജീവിത പങ്കാളിയാകുന്നത് 1991 ഒക്ടോബര്‍ 27നാണ്. ഭര്‍ത്താവിനൊപ്പം വൈകാതെ വീടുകള്‍ തോറും സ്കൂട്ടറില്‍ പാക്കറ്റ് പാല് വിതരണത്തിന് അജിതയും ഇറങ്ങി. 2005ല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു കൗണ്‍സിലര്‍ പദവി. വനിതാ സംവരണ ഡിവിഷനില്‍ നറുക്ക് അജിതയ്ക്കായിരുന്നു. സജീവ സി.പി.ഐ പ്രവര്‍ത്തകനും ലോക്കല്‍ സെക്രട്ടറിയുമായ ഭര്‍ത്താവ് വിജയനാണ് രാഷ്ട്രീയ ഗുരു. ആദ്യ തിരഞ്ഞെടുപ്പില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി കൗണ്‍സിലറായി. അന്ന് വീടിനോട് ചേര്‍ന്ന് ഒരു ചായക്കടയുണ്ടായിരുന്നു. പുലര്‍ച്ചെ നാലുമുതല്‍ ചായക്കടയിലെ പാചകക്കാരിയായിട്ടായിരുന്നു അജിതയുടെ ദിനചര്യയുടെ തുടക്കം. അഞ്ചുമുതല്‍ പാല്‍ക്കാരി, പത്തുമുതല്‍ മൂന്നുവരെ അങ്കണവാടി ടീച്ചര്‍ എന്നിങ്ങനെയായിരുന്നു അജിതയുടെ ജോലി. പിന്നെ ഡിവിഷന് കാര്യങ്ങള്‍ കഴിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകനായ ഭര്‍ത്താവ് വിജയനൊപ്പം വീട്ടിലെത്തുമ്പോള്‍ രാത്രി എട്ടു കഴിയും. ചായക്കട ഇടയ്ക്ക് വച്ചു നിലച്ചു. അങ്കണവാടി ജീവനക്കാര്‍ക്ക് മത്സരിക്കുന്നതില്‍ വിലക്കുണ്ടായപ്പോള്‍ രണ്ടാംതവണ വിട്ടു നിന്നു. വിലക്ക് മാറിയപ്പോഴാണ് 2015 മത്സരിച്ച് വീണ്ടു സ്റ്റാന്‍ഡിങ് കമ്മിറ്റി കൗണ്‍സിലറായി. മുന്‍ധാരണ അനുസരിച്ച് ജനതാദളിന് വേണ്ടി കഴിഞ്ഞമാസം സ്ഥാനമൊഴിഞ്ഞു. മകള്‍ ആതിരയുടെ വിവാഹത്തിരക്കുള്ളതിനാല് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ 30വരെ അങ്കണവാടിയില്‍ അവധിയിലായിരുന്നു. മേയറായിരുന്ന സി.പി.എമ്മിലെ അജിത ജയരാജന് ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് രാജിവച്ച ഒഴിവിലാണ് അജിത വിജയന് തിരഞ്ഞെടുക്കപ്പെട്ടത്. മേയറെ കാണാന്‍ കിട്ടുന്നില്ലെന്ന പരാതി ഡിവിഷനുള്ളവര്ക്കില്ല. പാല് വിതരണത്തിനെത്തുമ്പോള്‍ ആലവാതികളും വേവലാതികളും അറിയിക്കാം. ഗിന്നസ് റെക്കാഡ് നേടിയ തിരുവാതിര ടീമിലെ പ്രധാന അംഗംകൂടിയാണ് ഈ മേയര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."