വികസന സ്വപ്നങ്ങളുമായി മാരേക്കാട് കടവ്
നജീബ് അന്‍സാരി
മാള: വികസന സ്വപ്നങ്ങളുമായി സ്മരണകളുറങ്ങുന്ന മാരേക്കാട് കടവ്. ആറ് പതിറ്റാണ്ട് മുന്‍പ് വരെ വഞ്ചികളുടെ സഞ്ചാരത്താല്‍ സജീവമായിരുന്ന പുരാതനമായ മാരേക്കാട് കടവ് വികസനം പ്രദശവാസികളുടെ ചിരകാല സ്വപ്നമാണ്. മാരേക്കാട് കടവ് കേന്ദ്രീകരിച്ച് വിനോദസഞ്ചാര വികസന സാധ്യതകള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പദ്ധതികളൊന്നും യാഥാര്‍ഥ്യമായിട്ടില്ല.
ചരിത്രമുറങ്ങുന്ന മാരേക്കാട് കടവ് വഴിയാണ് ആറ് പതിറ്റാണ്ട് മുന്‍പ് വരെ ഈ പ്രദേശത്ത് നിന്ന് കച്ചവടക്കാര്‍ ചരക്കുകള്‍ കോട്ടപ്പുറം ചന്തയിലേക്ക് വില്‍പ്പനക്കായികൊണ്ട് പോയിരുന്നത്. കോട്ടപ്പുറം ചന്തയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ മാരേക്കാട് ചാല്‍ വഴിയാണ് കൊണ്ട് വന്നിരുന്നത്. പണ്ട് ജാതിക്കയും ജാതിപത്രിയും തേങ്ങയും കൊള്ളിയും ഏത്തക്കയും ചേമ്പും ചേനയുമെല്ലാം വില്‍പ്പനക്കായി എത്തിച്ചിരുന്നത് കോട്ടപ്പുറം ചന്തയിലായിരുന്നു.
അവിടെ നിന്ന് അരി, പഞ്ചസാര, തേയില ,ശര്‍ക്കര, മുളക് ,മല്ലി ,സോപ്പ് തുടങ്ങിയ അവശ്യ സാധനങ്ങളെല്ലാം തിരികെ കൊണ്ട് വന്നിരുന്നു. മാരേക്കാട് കടവില്‍ നിന്ന് കരിങ്ങോള്‍ചിറ വഴി കോട്ടപ്പുറത്തേക്കുള്ള ജലപാത അനേകം യാത്ര വഞ്ചിളായിരുന്നു ദിനേ സഞ്ചരിച്ചിരുന്നത്. പിന്നീട് കരമാര്‍ഗം ഗതാഗത സൗകര്യങ്ങള്‍ വികസിച്ചതോടെ കടവും ചാലും വഴിയുള്ള യാത്രകള്‍ നിലച്ചു. എങ്കിലും ചാലിന്റെ ഇരു കരകളിലും നോക്കെത്താദൂരം പരന്ന് കിടക്കുന്ന പാടശേഖരങ്ങളും വര്‍ഷം മുഴുവന്‍ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടശേഖരങ്ങളില്‍ നീന്തിതുടിക്കുന്ന നീര്‍പക്ഷികളും ചാലില്‍ വിരിഞ്ഞ് നില്‍ക്കുന്ന ആമ്പല്‍ ചെടികളും പകരുന്ന ദൃശ്യവിരുന്ന് ആസ്വദിക്കുന്നതിനായി പലരും പിന്നെയും ചെറുവഞ്ചികളില്‍ ചാലിലൂടെ യാത്ര ചെയാറുണ്ടായിരുന്നു. നീര്‍പക്ഷികളുടെ പറുദീസയായ മാരേക്കാട് പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ കരിങ്ങോള്‍ചിറ വരെ നീളുന്ന ചാലിലൂടെയുള്ള യാത്ര അവിസ്മരണീയമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.
താമരക്കോഴി ,കരിന്തലയന്‍ ഐബീസ് ഇനത്തില്‍പെട്ടകൊക്കുകള്‍, വെള്ളരി കൊക്കുകള്‍, താറാവ് എരണ്ടകള്‍, കല്ലന്‍ എരണ്ടകള്‍, നീര്‍ക്കാക്ക, കുളക്കോഴികള്‍ തുടങ്ങിയ നീര്‍പക്ഷികളെ ഇവിടെ നിത്യവും കാണാം. വംശനാശ ഭീഷണി നേരിടുന്ന വര്‍ണക്കൊക്ക്, ചേരക്കോഴി , ചട്ടുകകൊക്ക്, പുളിച്ചുണ്ടന്‍ കൊതുമ്പന്നം, ആളകള്‍ പച്ചഇരണ്ട എന്നീ പക്ഷികളുംഇവിടെ വിരുന്നെത്താറുണ്ട്.
മഞ്ഞുകാലത്ത് വിദൂര ദേശങ്ങളില്‍ നിന്ന് പലതരംദേശാടന പക്ഷികളും ഇവിടെ പറന്നെത്തും. നീര്‍പക്ഷികളുടെ പറുദീസയായ മാരേക്കാട് ചാലിലൂടെ ഉല്ലാസ ജലയാത്രക്ക് യാത്രക്ക് അവസരമൊരുക്കുന്നതിനായി വിനോദസഞ്ചാര വികസന പദ്ധതിയില്‍ മാരേക്കാട് ചാലിനെ ഉള്‍പ്പെടുത്തണമെന്ന കാലങ്ങളായുള്ള ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടക്കുകയാണ്.
പുത്തന്‍ചിറയേയും അഷ്ടമിച്ചിറയേയും ബന്ധിപ്പിക്കുന്ന മാരേക്കാട് പാലം ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ ശ്രമഫലമായി യാഥാര്‍ഥ്യമായതോടെ സായാഹ്നങ്ങളില്‍ മാനസീകോല്ലാസത്തിനും കാറ്റേറ്റ് വിശ്രമിക്കുന്നതിനും ചാലിന്റെ ഓരം ചേര്‍ന്നുള്ള നടപ്പാതയിലൂടെ നടന്ന് മനോഹര കാഴ്ചകള്‍ കാണുന്നതിനുമായി നിരവധി ആളുകള്‍ എത്തുന്നുണ്ട്.
ചരിത്രം തുടിച്ച് നില്‍ക്കുന്ന മാരേക്കാട് കടവിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനായി കടവോരത്ത് ഒരു പൈതൃക പാര്‍ക്കും വിശ്രമകേന്ദ്രവും ഓപണ്‍ സ്റ്റേജും ആരംഭിക്കണമെന്നാണ് പൈതൃക സ്‌നേഹികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നത്.
മാരേക്കാട് കടവ് വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി മുസ്‌രിസ് പൈതൃക പദ്ധതിയിലോ ടൂറിസം വികസന പദ്ധതിയിലോ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."