സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനെ അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു
കക്കട്ടില്‍ (കോഴിക്കോട്): ഹര്‍ത്താല്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളേയും അക്രമിച്ച സംഭവത്തിലെ പ്രതിയെ കാറിലെത്തിയ സംഘം വെട്ടി പരുക്കേല്‍പ്പിച്ചു. കേസില്‍ അറസ്റ്റിലായി കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പൊയ്കയില്‍ ശ്രീജു (30) വിനാണ് വെട്ടേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അമ്പലകുളങ്ങര ടൗണില്‍ നിട്ടൂര്‍ റോഡില്‍ വെച്ചാണ് നാലംഗ സംഘം ശ്രീജുവിനെ വെട്ടി പരുക്കേല്‍പ്പിച്ചത്. ഇടതുകാലിനും വലതുകൈക്കും വാരി എല്ലിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്. യുവാവിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമലയില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം നടന്ന സംഘ്പരിവാര്‍ ഹര്‍ത്താലിനിടയിലാണ് ഇതേ ടൗണില്‍ വെച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസും മരുമകളും മാധ്യമ പ്രവര്‍ത്തകയുമായ സാനിയോ മനോമിയും ആക്രമിക്കപ്പെട്ടത്. ശ്രീജു ഉള്‍പ്പെടെ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കുറ്റ്യാടി പൊലിസ് അറസ്റ്റു ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ശ്രീജു കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. അക്രമം നടന്നതിനെ തുടര്‍ന്ന് പ്രദേശത്ത് കുറ്റ്യാടി സി.ഐയുടെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. അക്രമം നടന്നതിനെ തുടര്‍ന്ന് ടൗണിലെ കടകള്‍ അടച്ചിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."