പേരിന് പോലും നടത്താനാളില്ലാതെ പട്ടാമ്പിയില്‍ സര്‍വേ ജോലികള്‍; പ്രവര്‍ത്തികള്‍ വൈകുന്നു
ആനക്കര: പട്ടാമ്പിയില്‍ ആവശ്യത്തിന് സര്‍വേയര്‍മാരെ നിയമിക്കാത്തതിനാല്‍ സര്‍വ്വേ ജോലികള്‍ പേരിന് പോലും നടത്താനാളില്ല. ഇതുമൂലം താലൂക്കില്‍ റീസര്‍വെയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വൈകുന്നു. നിലവില്‍ 2500 ലേറെ റീസര്‍വെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. അഞ്ച് സര്‍വേയര്‍മാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണ് താലൂക്കിലുള്ളത്. പുറംപോക്ക്, മിച്ചഭൂമി എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി രണ്ട് സര്‍വേയര്‍മാര്‍ താലൂക്കില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നര മാസമായി ഒരു തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇപ്പോള്‍ ഒരാള്‍ മാത്രമാണുള്ളത്. പിന്നെയുള്ളത് രണ്ട് ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍ മാത്രമാണ്. റീസര്‍വെയുമായി ബന്ധപ്പെട്ട് മിക്ക ദിവസങ്ങളിലും കോടതിയില്‍ കേസുണ്ടാകും. അതുകൊണ്ട് തന്നെ നിലവിലുള്ള ഒരു സര്‍വേയര്‍ക്ക് കോടതിയിലെ കേസുകള്‍ക്കും ഹാജരാകേണ്ടതുണ്ട്. കോടതിക്കാര്യമില്ലാത്ത സമയങ്ങളില്‍ മാത്രമെ മറ്റ് സര്‍വ്വെ ജോലികള്‍ ചെയ്യാനാവുകയുള്ളൂവെന്ന് അധികൃതര്‍ പറയുന്നു.
റീസര്‍വെയുടെ അപാകതയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിശോധിക്കുന്നതിനായി വേണ്ട അഞ്ച് എല്‍.ആര്‍.എം തസ്തികയും ഒഴിഞ്ഞു കിടപ്പാണ്. ഒരു മാസം 40 റീസര്‍വെ കേസുകള്‍ മാത്രമെ പരിശോധിക്കാനാവുകയുള്ളൂ. അങ്ങനെയാണെങ്കില്‍ സര്‍വേയര്‍മാരെ നിയമിച്ചാലും നിലവില്‍ താലൂക്കില്‍ കെട്ടിക്കിടക്കുന്ന 2500 അപേക്ഷകള്‍ തീര്‍പ്പാകാന്‍ ഏറെ കാലതാമസം എടുത്തേക്കും. നിയമനം വൈകുന്തോറും അപേക്ഷകളുടെ എണ്ണം കൂടി വരികയും ചെയ്യും.
പട്ടാമ്പിയില്‍ പുതിയ താലൂക്ക് രൂപീകരിച്ചതോടെ അപേക്ഷരുടെ എണ്ണത്തില്‍ വര്‍ധനവുമുണ്ട്. ഈ മേഖലയില്‍ നിരവധിപേര്‍ക്ക് പട്ടയം ലഭിച്ചിട്ടും സര്‍വേ പൂര്‍ത്തിയാക്കാത്തത് മൂലം നികുതി അടക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമിയുടെ നികുതി അടക്കാനാവാത്തത് മൂലം വീട് നിര്‍മാണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പോലുമാവാത്ത സ്ഥിതിയാണുള്ളത്. 15 പഞ്ചായത്തുകളും, ഒരു നഗരസഭയുമടങ്ങുന്നതാണ് പട്ടാമ്പി താലൂക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."