സി.പി.എമ്മിനെ വെട്ടിലാക്കി റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു ആറുമാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്ത ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ വെള്ളപൂശിയും പെണ്‍കുട്ടിയുടെ പരാതിയെ സംശയത്തിന്റെ നിഴലിലാക്കിയും സി.പി.എം അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് ശശി മോശമായി പെരുമാറിയിട്ടില്ലെന്നും അപമര്യാദയായി പെരുമാറിയതിന് ദൃക്‌സാക്ഷികളില്ലെന്നുമാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ ബാലന്റെയും പി.കെ ശ്രീമതിയുടെയും കണ്ടെത്തല്‍.
സി.പി.എമ്മിന്റെ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫിസില്‍വച്ചാണ് ശശി തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. മണ്ണാര്‍ക്കാട് വച്ചു നടന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന് മുന്‍പ് കഴിഞ്ഞ വര്‍ഷം 25 മുതല്‍ 29 വരെയുള്ള തിയതികളിലാണ് സംഭവം നടന്നതെന്ന് മൊഴിയില്‍ പറയുന്നു.
ജില്ലാ സമ്മേളന വേദിയിലെ വനിതാ വളണ്ടിയര്‍മാരുടെ ചുമതലയാണ് പരാതിക്കാരിക്കുണ്ടായിരുന്നത്. അതിന്റെ ആവശ്യങ്ങള്‍ക്കായി പെണ്‍കുട്ടിയെ ശശി വിളിപ്പിക്കുകയും യോഗം കൂടുകയും ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരി തന്നെ പറഞ്ഞിരിക്കുന്നതിനാല്‍ വിളിപ്പിച്ചതില്‍ അസ്വഭാവികത കരുതാനാകില്ലെന്നും അന്വേഷണ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശശി മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി പറയുന്ന സമയത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആള്‍ തിരക്ക് ഉണ്ടായിരുന്നതിനാല്‍ ഇത്തരം ഒരു കാര്യം നടന്നിരുന്നുവെങ്കില്‍ അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടേണ്ടതായിരുന്നു. പാര്‍ട്ടി ഓഫിസില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ശശി 5,000 രൂപ നല്‍കിയെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കേസുമായി മുന്നോട്ടു പോകാതിരിക്കാന്‍ തുക നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സമ്മേളനത്തിന്റെ വനിതാ വളണ്ടിയര്‍ സേനയുടെ പ്രവര്‍ത്തനത്തിനാണ് തുക നല്‍കിയതെന്നായിരുന്നു ശശി കമ്മിഷനു മുന്‍പാകെ നല്‍കിയ വിശദീകരണം. ശശിയുടെ ഈ വാദം പാര്‍ട്ടി കമ്മിഷന്‍ മുഖവിലയ്‌ക്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."