ബ്യൂട്ടി പാര്‍ലറില്‍ പട്ടാപ്പകല്‍ വെടിവയ്പ്; ആര്‍ക്കും പരുക്കില്ല
കൊച്ചി: പമ്പള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ആഡംബര ബ്യൂട്ടി പാര്‍ലറിനു നേരെ പട്ടാപ്പകല്‍ വെടിവയ്പ്. തട്ടിപ്പു കേസിലെ പ്രതിയും നടിയുമായ ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയില്‍ കടവന്ത്ര-യുവജന സമാജം റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ദി നെയില്‍ ആര്‍ട്ടിസ്റ്ററി' എന്ന ബ്യൂട്ടി പാര്‍ലറിനു നേരെയാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവസമയത്തു നടി സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടി പാര്‍ലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 2.45 നും മൂന്നിനും ഇടയിലാണു സംഭവം നടന്നത്. ഹെല്‍മറ്റും തൂവാലയും ഉപയോഗിച്ച് മുഖം മറച്ച് ജാക്കറ്റും ധരിച്ച് യമഹാ സ്‌പോര്‍ട്‌സ് ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് വെടിയുതിര്‍ത്തതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബ്യൂട്ടി പാര്‍ലറിനു താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ 'ധര്‍മൂസ് ഫിഷ് ഹബ്ബിലെ ജീവനക്കാരും ബ്യൂട്ടി പാര്‍ലര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനുമാണ് പ്രധാന ദൃക്‌സാക്ഷികള്‍. ഇവിടത്തെ സി.സി.ടി.വി ദൃശ്യങ്ങളിലും യുവാക്കള്‍ വരുന്നതും പോകുന്നതും വ്യക്തമാണ്. വിശദ പരിശോധനക്കായി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലിസ് ഏറ്റെടുത്തു. ബൈക്കിലെത്തിയ യുവാക്കള്‍ ബ്യൂട്ടി പാര്‍ലറിലേക്കു പ്രവേശിക്കുന്ന പടിക്കു സമീപം എത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടു മുകളില്‍നിന്ന് ഓടിയെത്തിയപ്പോള്‍ ഒരു കടലാസ് കഷ്ണം തനിക്കുനേരെ എറിഞ്ഞ ശേഷം ഒരാള്‍ തിരികെപ്പോയെന്നു സ്ഥാപനത്തിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പൊലിസിനു മൊഴി നല്‍കി. ഇയാള്‍ക്കുനേരെ തോക്കു ചൂണ്ടിയതായും പരാതിയുണ്ട്.
തുടര്‍ന്ന് പ്രതികള്‍ ബൈക്കില്‍ പനമ്പള്ളി നഗര്‍ ഭാഗത്തേക്കു പോകുകയും ചെയ്തതായി ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. യുവാക്കള്‍ തനിക്കു നേരെ എറിഞ്ഞ കടലാസില്‍ മുംബൈ അധോലോക നായകന്‍ രവി പൂജാരയുടെ പേര് എഴുതിയിട്ടുണ്ടെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കടലാസ് പൊലിസിനു കൈമാറി. ബൈക്ക് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും റോഡുകളും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഡി.സി.പി ജെ. ഹിമേന്ദ്രനാഥ്, തൃക്കാക്കര എ.സി.പി പി.പി ഷംസ്, എറണാകുളം എ.സി.പി ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പൊലിസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും തെളിവെടുപ്പും നടത്തി. പ്രാദേശിക ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇവര്‍ ലീനാ പോളുമായി ബന്ധമുള്ളവരാണോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
പ്രഹര ശേഷി കുറഞ്ഞ തോക്കോ എയര്‍ പിസ്റ്റളോ ആകാം അക്രമികള്‍ ഉപയോഗിച്ചതെന്നും പൊലിസ് സംശയിക്കുന്നു.
എന്നാല്‍ അന്വേഷണം തുടങ്ങിയിട്ടില്ലെന്നും പാര്‍ലര്‍ ഉടമ ലീനാ മരിയാ പോളിന്റെ കേസിനെ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ലെന്നും പൊലിസ് പറഞ്ഞു. അതിനിടെ ഒരാഴ്ച മുന്‍പ് 25 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് രവി പൂജാരെ ലീനയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. പണം നല്‍കാത്തതിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. ഒരാഴ്ചയായി അംഗരക്ഷകരുമായാണ് ലീന സ്ഥാപനത്തില്‍ എത്തിയിരുന്നത്. 2013 ല്‍ ചെന്നൈ അമ്പത്തൂരിലെ കാനറാ ബാങ്കുമായി ബന്ധപ്പെട്ട് 19 കോടിയുടെ തട്ടിപ്പു കേസില്‍ ലീന പ്രതിയാണ്. ഇതുകൂടാതെ 2015ല്‍ നിക്ഷേപത്തട്ടിപ്പിന് ഇവരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും പിടികൂടിയിട്ടുണ്ട്.
ഇവര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെയും അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."