ബി.എ ആളൂരിന്റെ സഹോദരിവീട്ടില്‍ മോഷണം
വടക്കാഞ്ചേരി: പൊലിസിനെ പരസ്യമായി വെല്ലുവിളിച്ച് തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പില്‍ വീണ്ടും മോഷണ സംഘം വിലസുന്നു. മച്ചാട് താണിക്കുടം റോഡില്‍ പുന്നംപറമ്പ് സെന്ററില്‍ താമസിക്കുന്ന ചിറപുറത്ത് റെജിയുടെ വീട്ടില്‍ ഇന്നലെ കവര്‍ച്ച നടന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂരിന്റെ സഹോദരിയും റെജിയുടെ ഭാര്യയുമായ ലിജിയും രണ്ടുമക്കളും താമസിക്കുന്ന വീട്ടില്‍ മോഷ്ടാക്കള്‍ കടന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
റെജി വിദേശത്താണുള്ളത്. ലിജിയുടെ മാതാവ് മരണമടഞ്ഞതിനാല്‍ ഇവര്‍ കുറച്ചുനാളായി എരുമപ്പെട്ടി പതിയാരത്തുള്ള വീട്ടിലാണു കഴിയുന്നത്. വീടിന്റെ മുന്‍വശത്തുള്ള പ്രധാന ഡോറിന്റെ പൂട്ട് അഴിച്ചുമാറ്റി തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീടിനുള്ളിലെ മുഴുവന്‍ അലമാരകളുടേയും പൂട്ട് തകര്‍ത്തു വസ്ത്രങ്ങളടക്കമുള്ള സാധന സാമഗ്രികള്‍ വലിച്ചിട്ട നിലയിലാണ്. വില കൂടിയ ലാപ്പ്‌ടോപ്പ്, എല്‍.സി.ഡി ടി.വി, ഹോം തിയറ്റര്‍ എന്നിവ വീടിനുള്ളിലുണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
വീടിന്റെ പിറകിലെ വാതിലും തകര്‍ത്തിട്ടുണ്ട്. വടക്കാഞ്ചേരി സി.ഐ, എസ്.ഐ എന്നിവര്‍ക്കെതിരേ വീടിന്റെ ഭിത്തിയില്‍ പെന്‍സില്‍ കൊണ്ട് പ്രകോപനപരമായ ചുമരെഴുത്ത് നടത്തിയാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. പൊലിസ് അധികാരികള്‍ക്കു തങ്ങളെ ഒരു ചുക്കും ചെയ്യാനാകില്ലെന്നു ചുമരെഴുത്തില്‍ പറയുന്നു. വടക്കാഞ്ചേരി പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ 23ന് കരുമത്ര പെട്രോള്‍പമ്പിനു മുന്നില്‍ താമസിക്കുന്ന വൃന്ദാവനത്തില്‍ വളരെ യുടെ വീട്ടിലും സമാനമായ തരത്തില്‍ മോഷണം നടന്നിരുന്നു. ഇതിന് തൊട്ടുസമീപമാണ് ഇപ്പോള്‍ മോഷണം നടന്നത്. വൃന്ദാവനത്തിലെ മോഷണത്തെ തുടര്‍ന്ന് കരുമത്ര വാര്‍ഡ് മെമ്പര്‍ രാജീവന്‍ തടത്തിലിന്റെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി രൂപീകരിക്കുകയും നാട്ടുകാര്‍ രാത്രികാല പട്രോളിങ് നടത്തിവരുകയും ചെയ്യുന്നതിനിടയിലാണ് അധികൃതരെ ഞെട്ടിച്ച് വീണ്ടും മോഷണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."