മാള അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും
മാള: നിര്‍മാണം പാതിവഴിയില്‍ നിലച്ച മാളയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടൊപ്പം പാടേ തകര്‍ന്നുകിടക്കുന്ന യഹൂദ ശ്മശാനത്തിന്റെ ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തീരുമാനിച്ചു.
അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിര്‍മിക്കാനുള്ള പദ്ധതിയാണു പാതിവഴിയില്‍ നിലച്ചിരിക്കുന്നത്. സ്റ്റേഡിയം നിര്‍മാണത്തിന് ഫണ്ടിനെക്കാള്‍ തടസമായി നില്‍ക്കുന്നത് ഇതിനെതിരേയുള്ള സമരങ്ങളാണ്. യഹൂദ ശ്മശാനം കൈയേറിയുള്ള നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടാണു പണി തുടങ്ങിയ സമയം മുതല്‍ തുടരുന്നത്. ശക്തമായ പ്രതിഷേധം തുടരുന്ന പൈതൃകസംരക്ഷണ സമിതിയെ വരുതിയിലാക്കാനുള്ള നീക്കം നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കൃത്രിമ പുല്ല് വച്ചു പിടിപ്പിക്കുന്ന നടപടിയാണ് ഇനി സ്റ്റേഡിയത്തില്‍ പ്രധാനമായി നടക്കാനുള്ളത്. ഇതിനു വേണ്ട പുല്ല് സ്ഥലത്തെത്തിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ കോര്‍ട്ട് യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനോടുചേര്‍ന്നുള്ള ബാഡ്മിന്റണ്‍, ടെന്നീസ് എന്നിവയ്ക്കുള്ള ഇന്‍ഡോര്‍ സ്റ്റേഡിയവും തുറന്നുനല്‍കാനായിട്ടില്ല. സ്റ്റേഡിയത്തിലേക്കു വേണ്ട വൈദ്യുതി കണക്ഷനും ലഭിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പേ സ്റ്റേഡിയത്തില്‍ ഉദ്ഘാടന പ്രഹസനം നടന്നിരുന്നു. എട്ടുകോടി രൂപയാണ് സ്റ്റേഡിയത്തിനായി വകയിരുത്തിയത്. മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്റെ ശ്രമഫലമായാണ് ബജറ്റില്‍ ഫണ്ട് വകയിരുത്തിയത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിര്‍മാണത്തിന് അപര്യാപ്തമായതിനാലാണ് ഫണ്ട് എട്ട് കോടിയാക്കി ഉയര്‍ത്തിയത്. അന്താരാഷ്ട്ര നിലവാരമുള്ള ഷട്ടില്‍, ബാഡ്മിന്റണ്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഹെല്‍ത്ത് ക്ലബ്, ഡ്രസിങ് റൂം, അര്‍ധ ഒളിംപിക്‌സ് നിലവാരമുള്ള നീന്തല്‍കുളം, വോളിബോള്‍-ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, കൃത്രിമ പുല്ല് പാകിയ മൈതാനം, ഡ്രൈനേജ് സംവിധാനം എന്നിവയടങ്ങിയ സ്‌പോര്‍ട്‌സ് സമുച്ചയമാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്.
അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം യാഥാര്‍ഥ്യമായില്ലെങ്കിലും സര്‍ക്കാര്‍ കണക്കില്‍ പ്രവര്‍ത്തനക്ഷമമായ സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ മാളയുമുണ്ട്. എന്നാല്‍ കായികമത്സരം നടത്താന്‍ ഉതകുന്ന വിധത്തില്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കാത്തതില്‍ താരങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും കടുത്ത പ്രതിഷേധമുണ്ട്. മതിയായ സൗകര്യമില്ലാത്തതിനാല്‍ വിദ്യാഭ്യാസ ഉപജില്ല കായിക മത്സരങ്ങള്‍ ചാലക്കുടിയിലെ കാര്‍മല്‍ സ്‌കൂളിലാണു വര്‍ഷങ്ങളായി നടക്കുന്നത്. ഇതുമൂലം ഉപജില്ലയിലെ കായികതാരങ്ങളും അധ്യാപകരും ഏറെ ദുരിതം സഹിച്ചാണു കായിക മത്സരങ്ങള്‍ക്കായി ചാലക്കുടിയില്‍ എത്തുന്നത്. ഇനിയെങ്കിലും ഈ അവസ്ഥയ്ക്കു മാറ്റംവരുമെന്ന പ്രതീക്ഷ സര്‍വകക്ഷി യോഗത്തോടെ വീണ്ടും ഉയര്‍ന്നിരിക്കയാണ്.
യോഗത്തില്‍ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ അധ്യക്ഷനായി. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ, വിവിധ കക്ഷിനേതാക്കളായ ടി.പി രവീന്ദ്രന്‍, ടി.എം ബാബു, ജോണ്‍ കെന്നഡി, എ.ആര്‍ അനില്‍കുമാര്‍, ജോര്‍ജ് നെല്ലിശ്ശേരി, പീറ്റര്‍ പാറേക്കാട്ട്, കെ.പി വര്‍ഗീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."