'സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍' ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി
കല്‍പ്പറ്റ: പൊതു, സ്വകാര്യയിടങ്ങളില്‍ പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ലഭ്യമാക്കാന്‍ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് കേന്ദ്രം ജില്ലയിലും പ്രവര്‍ത്തനം തുടങ്ങി.
ശാരീരികവും മാനസികവും ലൈംഗീകവുമായി അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് പിന്തുണയും പരിഹാരവും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമങ്ങള്‍ക്കിരയാവുന്നവര്‍ക്ക് നീതി തേടി ആശുപത്രി, പൊലിസ് സ്റ്റേഷന്‍, അഭയകേന്ദ്രങ്ങള്‍, കൗണ്‍സിലിങ് സ്ഥാപനങ്ങള്‍ തുടങ്ങിയ പലയിടങ്ങളില്‍ കയറിയിറങ്ങുന്നത് ഇതോടെ ഒഴിവാക്കാന്‍ സാധിക്കും. ഇരുപത്തിനാല് മണിക്കൂറും സേവനങ്ങള്‍ നല്‍കുന്ന രീതിയിലാണ് സഖി വണ്‍ സ്റ്റോപ്പ് കേന്ദ്രം പ്രവര്‍ത്തിക്കുക. താല്‍ക്കാലിക അഭയം, ചികിത്സ, നിയമസഹായം, പൊലിസ് സേവനം, കൗണ്‍സിലിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭിക്കും. വനിതാശിശു വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാകലക്ടര്‍ അധ്യക്ഷനായ സമിതിയാണ് സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് നേതൃത്വം നല്‍കുന്നത്. വനിതാ ഓഫിസര്‍ക്കാണ് കേന്ദ്രത്തിന്റെ ചുമതല. കൗണ്‍സിലര്‍, ഡോക്ടര്‍, പൊലിസ്, അഭിഭാഷകര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ തുടങ്ങിയവരുടെ സേവനവും ലഭിക്കും. പൊലിസ്, കോടതി നടപടികള്‍ക്കായി ആവശ്യമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യവും സെന്ററില്‍ ഏര്‍പ്പെടുത്തും. അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് അഞ്ച് ദിവസം വരെ സഖി കേന്ദ്രങ്ങളില്‍ താമസിക്കാന്‍ സാധിക്കും. ജില്ലയില്‍ കല്‍പ്പറ്റ പഴയ ജനറല്‍ ഹോസ്പിറ്റല്‍ കോംപ്ലക്‌സിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."