കലക്ടര്‍ ഇടപെട്ടു; പിയര്‍ റോഡ് പ്രവൃത്തി ഉടന്‍ പുനരാരംഭിക്കും
തലശ്ശേരി: നവീകരണം പ്രവൃത്തി നിര്‍ത്തിവച്ച പിയര്‍ റോഡും പരിസരവും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയും സംഘവും സന്ദര്‍ശിച്ചു. പ്രവൃത്തി ഉടന്‍ പുനരാരംഭിക്കണമെന്ന് കലക്ടര്‍ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയോട് നിര്‍ദേശിച്ചു. വാഹന പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പിയര്‍ റോഡ് നവീകരിക്കുന്ന പ്രവൃത്തി നിര്‍ത്തിവച്ചത്. അതേസമയം നാളെ പ്രവൃത്തി പുനരാരംഭിക്കുമെന്ന് ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു.
നഗരത്തില്‍ പൈതൃക ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പിയര്‍ റോഡും പരിസരവും മോഡി പിടിപ്പിക്കുന്നത്. ഇതിന്റെ മുന്നോടിയാണ് പിയര്‍ റോഡ് ഇന്റര്‍ലോക്ക് ഘടിപ്പിക്കല്‍ പ്രവൃത്തി ആരംഭിച്ചത്. വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ചില വ്യാപാരികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പ്രവൃത്തി നിര്‍ത്തിവയ്ക്കാനിടയായത്.
ഇതുകൂടാതെ പിയര്‍ റോഡിന് ഇരുവശവും മാലിന്യങ്ങള്‍ നിറഞ്ഞുകൂടിയ നിലയിലാണ്. കുറച്ച് ദിവസം മുന്‍പ് മാലിന്യങ്ങള്‍ നീക്കം ചെയ്‌തെങ്കിലും വീണ്ടും പഴയ രീതിയിലായ അവസ്ഥയാണ്.കുറച്ചുദിവസം മുന്‍പ് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിയര്‍ റോഡ് പരിസരം സന്ദര്‍ശിച്ചിരുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ മാലിന്യ പ്രശ്‌നത്തിനു പരിഹാരമുണ്ടാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. താഴെ അങ്ങാടിയില്‍ പ്രവൃത്തി പൂര്‍ത്തിയായ ഫയര്‍ ടാങ്കും കലക്ടര്‍ സന്ദര്‍ശിച്ചു. ഡെപ്യൂട്ടി കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, ഊരാളുങ്കല്‍ എന്‍ജിനീയര്‍ കെ.ടി.കെ അജിത്ത് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."