തെയ്യം മ്യൂസിയം: ചന്തപ്പുരയിലെ സ്ഥലം മന്ത്രി സന്ദര്‍ശിച്ചു
കണ്ണൂര്‍: തെയ്യം മ്യൂസിയം സ്ഥാപിക്കുന്നതിനായി കടന്നപ്പള്ളി ചന്തപ്പുരയില്‍ മ്യൂസിയം വകുപ്പിന് കൈമാറിയ സ്ഥലം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ സന്ദര്‍ശിച്ചു. ചന്തപ്പുര മാങ്ങാട്ട് മൊട്ടയിലെ പൊതുമരാമത്ത് വകുപ്പിന്റെ ഒരേക്കറോളം സ്ഥലമാണ് മ്യൂസിയത്തിനായി കൈമാറിയത്.
മ്യൂസിയത്തിന്റെ രൂപകല്പന വകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സന്ദര്‍ശന ശേഷം പാണപ്പുഴ പഞ്ചായത്ത് ഓഫിസില്‍ നടന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു. 2019 മാര്‍ച്ചില്‍ തറക്കല്ലിടാണ് ലക്ഷ്യമിടുന്നത്. തെയ്യമെന്ന അനുഷ്ഠാന കലാരൂപത്തെ ഗവേഷണത്തിനും പഠനത്തിനുമായി പൂര്‍ണമായി ഡോക്യുമെന്റ് ചെയ്യുകയാണ് ഉദ്ദേശിക്കുന്നത്. തെയ്യം കെട്ടുന്നതിനുള്ള പരിശീലനം മ്യൂസിയത്തില്‍ ഉദ്ദേശിക്കുന്നില്ലെന്ന് ടി.വി രാജേഷ് എം.എല്‍.എ വ്യക്തമാക്കി.
തെയ്യത്തിന്റെ തോറ്റംപാട്ടുകളുടെ ശേഖരണം നടത്തും. തെയ്യത്തിന്റെ ചായങ്ങള്‍, അണിയലം, തെയ്യം ശില്പങ്ങള്, ത്രീഡി ഷോ എന്നിവ ഒരുക്കും. കേരളത്തിലെ ആദ്യത്തെ തെയ്യം മ്യൂസിയമായിരിക്കും ഇത്. തെയ്യത്തിന്റെ അനുഷ്ഠാന തനിമയോടെ ഭാവി തലമുറക്കായി സൂക്ഷിച്ചുവയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. പഠന ഗവേഷണത്തിനായി രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ബാലകൃഷ്ണന്, ടി. അജിത, എസ്. അബു, പുരാവസ്തു വകുപ്പ് ഡയരക്ടര്‍ ജെ. രജികുമാര്‍, ആര്. ചന്ദ്രന് പിള്ള, ഡോ. പി.ജെ വിന്‍സെന്റ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."