സുരക്ഷയില്ലാതെ പട്ടാമ്പി-പള്ളിപ്പുറം തീരദേശ റോഡ്
പട്ടാമ്പി: പട്ടാമ്പിമുതല്‍ പള്ളിപ്പുറംവരെ ഭാരതപ്പുഴയോരത്തുകൂടെയുള്ള തീരദേശ റോഡില്‍ യാത്രക്കാര്‍ക്ക് മതിയായ സുരക്ഷയില്ല. ദിവസേന ഏറെ യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡാണിത്. കൊടുമുണ്ട, പാലത്തറ റെയില്‍വേ ഗേറ്റുകള്‍ ഒഴിവായിക്കിട്ടുമെന്നതിനാലും, യാത്രാദൂരം കുറയുമെന്നതിനാലും നിരവധി യാത്രക്കാര്‍ പള്ളിപ്പുറത്തുനിന്ന് തിരിച്ചും തീരദേശപാത ഉപയോഗിക്കുന്നവരാണ്. പള്ളിപ്പുറത്തുനിന്നും പട്ടാമ്പിവരെയുള്ള ബസ് സര്‍വിസും തീരദേശ റോഡുവഴിയുണ്ട്. എന്നാല്‍ പാതയില്‍ വേണ്ടത്ര സുരക്ഷയില്ലാത്തതാണ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നത്.
പ്രളയക്കെടുതിയില്‍ റോഡ് വരെ പുഴവെള്ളം കയറിയിരുന്നു. റോഡിന്റെ അരികുകള്‍ നശിച്ചിട്ടുമുണ്ട്. വീതികുറഞ്ഞ റോഡില്‍ ഇരുവശങ്ങളിലും സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ അപകടങ്ങള്‍ക്കും ഇടയാക്കുന്നു. കൊടുമുണ്ട ഗേറ്റുമുതല്‍ മൂന്ന് കിലോമീറ്ററോളം ദൂരം റോഡിന്റെ ഒരുഭാഗത്ത് പുഴയും മറുഭാഗത്ത് പാടവുമാണ്. ഇരുവശവും കാടുപിടിച്ച് കിടക്കുന്ന റോഡിലെ രാത്രിയാത്രയും ദുഷ്‌കരമാണ്. പാതയോരത്തെ തെരുവ്‌വിളക്കുകളും ഇവിടെ കുറവാണ്. അപകടത്തില്‍പ്പെട്ടാല്‍ താഴ്ചയിലേക്കാവും വാഹനങ്ങള്‍ മറിയുക.
മഞ്ഞപ്പറ്റമുതല്‍ കൊടുമുണ്ട വെസ്റ്റ്‌വരെയുള്ള ഭാഗങ്ങളും അപകടമേഖലകളാണ്. ചിലയിടങ്ങളിലെ റോഡിന്റെ ഭാഗങ്ങള്‍ക്ക് 15 അടിയോളം താഴ്ചയുണ്ട്. കഴിഞ്ഞദിവസം രാത്രി ഓട്ടോറിക്ഷ മറിഞ്ഞ് ഇവിടെ അപകടം നടന്നിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. റോഡിനോട് ചേര്‍ന്നുള്ള താഴ്ചയുള്ള ഭാഗങ്ങളില്‍ സുരക്ഷയ്ക്കായി കൈവരികളോ, കോണ്‍ക്രീറ്റ് ഭിത്തികളോ നിര്‍മിക്കണം. ഇരുവശത്തെ പൊന്തക്കാടുകള്‍ വെട്ടിത്തളിക്കേണ്ടതും അനിവാര്യമാണ്. അതേസമയം, റോഡില്‍ സുരക്ഷാമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി പരിശോധിക്കുമെന്ന് പൊതുമരാമത്തുവിഭാഗം അസി. എന്‍ജിനീയര്‍ രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."