വേലു സ്വാമിയും സംഘവും എത്തി; തിരുപ്പിറവിക്ക് പുല്‍ക്കൂടുമായി
കൊച്ചി: തിരുപ്പിറവി ആഘോഷത്തിന്റെ വരവറിയിച്ചു വേലു സ്വാമിയും സംഘവും ഇത്തവണയും എത്തി, പുല്‍ക്കൂടൊരുക്കുന്നതിനുള്ള സാധനങ്ങളുമായി. ചൈനയില്‍നിന്നുള്ള പ്ലാസ്റ്റിക് പുല്‍ക്കൂടുകളും എല്‍.ഇ.ഡി നക്ഷത്രങ്ങളും വിപണി പിടിക്കുമ്പോഴും പാരമ്പര്യം കൈവിടാതെ സൂക്ഷിക്കുന്നവരെ തേടിയാണ് പാലക്കാട് നിന്ന് വേലു സ്വാമിയും മകന്‍ അരുണ്‍ പ്രസാദും എട്ടംഗ സംഘവും എറണാകുളം നഗരമധ്യത്തില്‍ എത്തിയത്. മറൈന്‍ ഡ്രൈവിന് സമീപം പൊലിസ് ക്ലബ്ബിന് അടുത്തായിട്ടാണ് ഇവര്‍ പുല്‍ക്കൂട് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.
പരമ്പരാഗത രീതിയില്‍ ഈറ്റയും മുളയും മേച്ചില്‍ പുല്ലും ഉപയോഗിച്ചാണ് പുല്‍ക്കൂട് നിര്‍മാണം. ഈറ്റകൊണ്ട് ഫ്രെയിം ഉണ്ടാക്കി വര്‍ണ പേപ്പര്‍ പൊതിഞ്ഞ് തയാറാക്കുന്ന നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. പാലക്കാട്ടു നിന്നുമാണ് പുല്‍ക്കൂടും നക്ഷത്രങ്ങളും നിര്‍മിക്കാനാവശ്യമായ മുളയും വൈക്കോലുമെല്ലാം എത്തിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി സംഘം ഇവിടെ എത്താറുണ്ട്. എറണാകുളം, കോട്ടയം,തൃശൂര്‍,ആലപ്പുഴ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യമായ പുല്‍ക്കൂടുകള്‍ ഇവരാണ് നിര്‍മിക്കുന്നത്.
വലിയ മുള കീറി ഫ്രെയിം തയാറാക്കി പുല്ലുമേഞ്ഞ് മനോഹരമാക്കിയാണ് ഇവര്‍ പുല്‍ക്കൂട് തയാറാക്കുന്നത്. എട്ടംഗ സംഘത്തിലെ ഓരോരുത്തര്‍ക്കും ഓരോ ചുമതലയാണ് ഇതിനുള്ളത്. ചിലര്‍ മുള കീറി ഫ്രെയിം തയാറാക്കുമ്പോള്‍ മറ്റുചിലര്‍ ആണി ഉപയോഗിച്ച് ഫ്രെയിം കൂട്ടിയോജിപ്പിച്ച് പുല്ല് മേയുന്നു. വലുപ്പമനുസരിച്ച് 250 രൂപ മുതല്‍ മുകളിലേക്കാണ് വിലയീടാക്കുന്നത്. വര്‍ഷങ്ങളായി സംഘം ഇവിടെ പുല്‍ക്കൂടും നക്ഷത്രവും തയാറാക്കി വില്‍ക്കുന്നത് അറിയാവുന്ന ദൂരദേശത്തുനിന്നുള്ള ആളുകള്‍ വരെ ഇവരെ തേടി എത്താറുമുണ്ട്.
വലുപ്പമനുസരിച്ച് 1000 രൂപവരെയുള്ള പുല്‍ക്കൂടുകള്‍ ആണ് വില്‍ക്കുന്നത്. എന്നാല്‍ അതിലും വലുതിനും ആവശ്യക്കാര്‍ എത്തുന്നുണ്ടെന്നും ഇത്തരം നിര്‍മിച്ചുനല്‍കുന്നുണ്ടെന്നും അരുണ്‍ പ്രസാദ് പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ വിലയില്‍തന്നെയാണ് ഇത്തവണയും വില്‍പന. ഫ്‌ളാറ്റുകളിലുള്ളവര്‍ കൂട്ടത്തോടെ ഓര്‍ഡര്‍ നല്‍കിയതിനാല്‍ ക്രിസ്മസ് ആഘോഷത്തിനുമുന്‍പ് ഇവ നിര്‍മിച്ചുനല്‍കാനുള്ള തിരക്കിലാണിവര്‍. പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരുടെ ക്രിസ്മസ് ആഘോഷത്തിന് മങ്ങലേല്‍ക്കാതിരിക്കാനാണ് പുല്‍ക്കൂടുകളും നക്ഷത്രങ്ങളുമൊക്കെ മുന്‍വര്‍ഷത്തെ വിലയ്ക്കു തന്നെ നല്‍കുന്നതെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."