നൈജീരിയയിലെ കര്‍ഷക-നാടോടി സംഘര്‍ഷം; 3600 പേര്‍ കൊല്ലപ്പെട്ടെന്ന് ആംനെസ്റ്റി
ലണ്ടന്‍: നൈജീരിയയില്‍ 2016 മുതല്‍ കര്‍ഷകരുടെയും നാടോടികളുടെയും ഇടയില്‍ നടന്ന സംഘര്‍ഷത്തില്‍ 3600 പേര്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍.
ഈ വര്‍ഷം മാത്രം 2000 പേര്‍ കൊല്ലപ്പെട്ടെന്നും ആയിരക്കണക്കിനു പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടെന്നും ആംനെസ്റ്റി ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളം, ഫലപുഷ്ടിയുള്ള ഭൂമി എന്നിവയ്ക്കായുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമാകുന്നത്. വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലാണ് സംഘര്‍ഷങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. സാമുദായിക സംഘര്‍ഷങ്ങള്‍ അന്വേഷിക്കുന്നതിലും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും നൈജീരിയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആംനെസ്റ്റി ആരോപിക്കുന്നു. ആസൂത്രിതവും പരസ്പര ഏകോപനത്തോടെയുമുള്ള ആക്രമണങ്ങളാണുള്ളത്. ഇതിനായി മെഷീന്‍ ഗണ്‍, എ.കെ 47 തോക്ക് എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ആംനെസ്റ്റി നൈജീരിയ ഡയരക്ടര്‍ ഒസായി ഒജിഗോ പറഞ്ഞു. അക്രമികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടും ഇവരെ അറസ്റ്റ് ചെയ്യാനോ കുറ്റകൃത്യങ്ങള്‍ തടയാനോ അധികൃതര്‍ നടപടിയെടുക്കുന്നില്ല. സംഘര്‍ഷങ്ങള്‍ നേട്ടങ്ങള്‍ക്കായി ചിലര്‍ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. സംഘര്‍ഷങ്ങള്‍ മിക്കപ്പോഴും മുസ്‌ലിം ഫുലാനി നാടോടികള്‍, കൃസ്ത്യന്‍ കര്‍ഷകര്‍ എന്നിവര്‍ക്കിടയിലാണ് നടക്കാറുള്ളത്. അടുത്തവര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നൈജീരിയന്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്നിരിക്കുന്ന പ്രധാന ആക്ഷേപവും ഈ സംഘര്‍ഷങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."