യുവതിയെ അപമാനിച്ച സംഭവം: പ്രതിയെ കേന്ദ്രസര്‍ക്കാര്‍ രക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ഭരാലയുടെ മകന്‍ വികാസ് ഭരാല അര്‍ധരാത്രി വാഹനത്തില്‍ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസ് മറച്ചുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്. കേസ് സ്വതന്ത്രമായി അന്വേഷിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഛണ്ഡിഗഡ് പൊലിസിനെ തടയുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഛണ്ഡിഗഡ് പൊലിസിനെ ഉപയോഗിച്ച് പാര്‍ട്ടി നേതാവിന്റെ മകനെതിരേയുള്ള കേസ് മറച്ചുവയ്ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി സുഭാഷ് ഭരാല രാജിവയ്ക്കണമെന്ന് ഹരിയാനയിലെ കുരുക്ഷേത്ര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എംപിയും മുതിര്‍ന്ന നേതാവുമായ രാജ്കുമാര്‍ സൈനി ആവശ്യപ്പെട്ടു. മൂല്യങ്ങള്‍ വീട്ടില്‍ നിന്ന് വരുന്നതാണ്. ശരിയായ മൂല്യങ്ങള്‍ മക്കള്‍ക്ക് നല്‍കിയിട്ടില്ലെങ്കില്‍ അവര്‍ ഇതുപോലെ ചെയ്യുമെന്നും രാജ്കുമാര്‍ പറഞ്ഞു.
അതേസമയം, സംഭവത്തെ ന്യായീകരിച്ചും പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയുമുള്ള പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ രാംവീര്‍ ഭാട്ടിയുടെ പരാമര്‍ശം വിവാദമായി. രാത്രി 12മണിക്കാണ് പെണ്‍കുട്ടി പുറത്തിറങ്ങിയതെന്നും ഇത്രയും വൈകി വാഹനവുമായി പുറത്തിറങ്ങിയ പെണ്‍കുട്ടിയുടെ അടുത്തും തെറ്റുണ്ടെന്നും രാംവീര്‍ പറഞ്ഞു. ഇങ്ങനെയുള്ള നടപടികള്‍ നല്ലതല്ല. മക്കളെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളാണ്. അര്‍ധരാത്രി മകളെ തനിച്ചുവിടാന്‍ രക്ഷിതാക്കള്‍ തയാറാകരുതായിരുന്നുവെന്നും രാംവീര്‍ ഭാട്ടി പറഞ്ഞു.
അതിനിടയില്‍ കേസിന് ബലം നല്‍കുമെന്ന് വിശ്വസിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതായി പൊലിസ് അറിയിച്ചു. പെണ്‍കുട്ടിയെ വികാസ് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് റെക്കോര്‍ഡ് ചെയ്ത അഞ്ചിടത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."