ഭൂമികൈയേറ്റ സര്‍വേ; ഉന്നത ഇടപെടല്‍ നടന്നതായി ആക്ഷേപം
കൊടുവള്ളി: നഗരസഭയിലെ പ്രധാന ടൗണായ കരുവന്‍പൊയിലിലെ കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിനായുള്ള സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഇടപെടല്‍ നടന്നതായി ആക്ഷേപം.
കഴിഞ്ഞ ദിവസം സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ ഇതിനു മുതിരാതെ മടങ്ങിപ്പോയതാണ് ആക്ഷേപം ഉയരാന്‍ ഇടായക്കിയത്. കരുവന്‍പൊയില്‍ അങ്ങാടിയോട് ചേര്‍ന്ന് റോഡിന്റെ ഒരു ഭാഗത്ത് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി കാണിച്ച് പ്രദേശവാസിയായ പൊയിലില്‍ മരക്കാര്‍കുട്ടി വീണ്ടും റവന്യു സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയത്. എന്നാല്‍ മുന്‍പ് സര്‍വേ നടത്തി അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉച്ചയ്ക്ക് ഒന്നരയോടെ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോവുകയായിരുന്നെന്നാണ് ആക്ഷേപം. ഇത് സ്ഥലത്തെ ചിലരുടെ ഇടപെടല്‍ കാരണമാണെന്നും ആരോപണമുണ്ട്. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ബൈപാസായി ഉപയോഗിക്കാവുന്ന കാരാടി-വരട്യാക്കില്‍ റോഡ് പല ഭാഗത്തും വീതി കൂട്ടിയെങ്കിലും കൈയേറ്റത്താല്‍ കരുവന്‍പൊയില്‍ അങ്ങാടിയില്‍ വീതി കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല. പല ഭാഗത്തും ഒരു മീറ്റര്‍ മുതല്‍ മൂന്നര മീറ്റര്‍ വരെ കൈയേറ്റം നടന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അനധികൃത നിര്‍മാണത്തിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടുനിന്നതായും പരാതിയുണ്ട്.
കുറ്റമറ്റ രീതിയില്‍ സര്‍വേ നടത്തി കൈയേറ്റഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ കര്‍മ സമിതി രൂപീകരിച്ച് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."