അണക്കെട്ടുകളിലെ ജലശേഖരം കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതി മാത്രം
തൊടുപുഴ: സംസ്ഥാന വൈദ്യുതി ബോര്‍ഡിനുകീഴിലെ അണക്കെട്ടുകളില്‍ ഇത്തവണത്തെ ജലശേഖരം കഴിഞ്ഞ വര്‍ഷത്തേതിന്റെ നേര്‍പകുതി മാത്രം. വരാനിരിക്കുന്ന രൂക്ഷമായ ഊര്‍ജ പ്രതിസന്ധിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. 1,239.923 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് കഴിഞ്ഞ ദിവസം എല്ലാ അണക്കെട്ടുകളിലുമായി ഉള്ളത്. ഇതു സംഭരണശേഷിയുടെ 30 ശതമാനമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇതിന്റെ ഇരട്ടി വെള്ളം അണക്കെട്ടുകളില്‍ ഉണ്ടായിരുന്നു.
2,475.639 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണു കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. 2016ല്‍ 2,475.639, 2015ല്‍ 2,134.974, 2014ല്‍ 3,646.084, 2013ല്‍ 907.371 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടുകളില്‍ ഉണ്ടായിരുന്നത്. 2014ലായിരുന്നു മികച്ച ജലശേഖരം.
ഈ മാസം ആദ്യവാരം സാമാന്യം നല്ല മഴ ലഭിച്ചെങ്കിലും നീരൊഴുക്ക് ആശാവഹമല്ല. തുടര്‍ച്ചയായി മഴ പെയ്ത ശേഷം ഒരു ദിവസം മഴ മാറിനിന്നാല്‍ നീരൊഴുക്ക് കുത്തനെ കുറയുകയാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇതുവരെ 48 ശതമാനം കുറഞ്ഞതായാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 10 പദ്ധതി പ്രദേശങ്ങളില്‍ മഴ ലഭിച്ചു. ആറു പദ്ധതികളുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല.
ഇടുക്കി 18.6 മി.മീ., കക്കി ഏഴ്, ഷോളയാര്‍ 25, ഇടമലയാര്‍ 47.4, മാട്ടുപ്പെട്ടി നാല്, പൊന്മുടി 20, തര്യോട് എട്ട്, കുറ്റ്യാടി 74, പമ്പ ആറ്, പെരിങ്ങല്‍ 49.9 മി.മീ. എന്നിങ്ങനെയാണു പദ്ധതി പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ മഴ. 57.92 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ എല്ലാ സംഭരണികളിലുമായി ഒഴുകിയെത്തി. പൊതുവെ തണുത്ത അന്തരീക്ഷം നിലനിന്നതിനാല്‍ ഇന്നലെ വൈദ്യുതി ഉപഭോഗം കുത്തനെ താഴ്ന്നിരുന്നു. 58.3966 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്ത് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 16.3821 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. 42.0145 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയില്‍ 27 ശതമാനം വെള്ളമാണു നിലവിലുള്ളത്. ഇടമലയാര്‍ 34, പമ്പ 26, ഷോളയാര്‍ 46, മാട്ടുപ്പെട്ടി 25, പൊന്മുടി 48, നേര്യമംഗലം 61, ലോവര്‍ പെരിയാര്‍ 80, കുറ്റ്യാടി 58, കുണ്ടള 21, തര്യോട് 54, ആനയിറങ്കല്‍ എട്ട് എന്നിങ്ങനെയാണു മറ്റു പ്രധാന പദ്ധതികളിലെ ജലനിരപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."