സര്‍പ്പശലഭത്തെ കണ്ടെത്തി
കൊട്ടാരക്കര: കുടവട്ടൂര്‍ ശിവശാസ്താ വഞ്ചിയില്‍ 22 സെറ്റീമീറ്റര്‍ നീളം വരുന്ന അപൂര്‍വയിനം സര്‍പ്പശലഭത്തെ കണ്ടെത്തി. ഞായറാഴ്ച രാവിലെ എട്ടോടെ കുട്ടികള്‍ വഞ്ചിയില്‍ കാണിക്കയിടാന്‍ ചെന്നപ്പോഴാണ് പാമ്പെന്ന് സംശയിച്ച് നാട്ടുകാരെ വിവരം അറിയിച്ചത്. ശലഭത്തിന്റെ ഇരു ചിറകുകളുടെയും അറ്റത്ത് പാമ്പിന്റെ തലയോടുള്ള സാദൃശ്യം ഉണ്ട്.
ഇത്തരത്തില്‍ അതിശയിപ്പിക്കുന്ന തരത്തിലുള്ള ചിത്രശലഭത്തെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് നിന്നും സ്ത്രീകള്‍ അടക്കം നൂറോളം പേരാണ് സര്‍പ്പശലഭമെന്നറിയപ്പെടുന്ന നിശാശലഭത്തെ കാണാന്‍ എത്തിയത്. ഉച്ചയോടെ പറന്നു പോയ ശലഭത്തെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ രാവിലെ മുതല്‍ ആള്‍ക്കാരുടെ തിരക്കായിരുന്നു. മലയാള മാസം ഒന്നാം തീയതിയായതിനാല്‍ ക്ഷേത്രത്തിലെത്തിയവര്‍ക്ക് ഇത് അപൂര്‍വ കാഴ്ചയായി. 'അറ്റാക്കസ് അറ്റലസ്'എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന സര്‍പ്പശലഭമാണ് ഇത്. സാധാരണയായി നിത്യഹരിതവനങ്ങളിലും ചതുപ്പ് നിലങ്ങളിലുമാണ് കാണപ്പെടുന്നത്. ക്ഷേത്രത്തിന് സമീപത്തായി കാവുള്ളതിനാല്‍ അവിടെ നിന്നും പറന്നുവന്നതായാണ് നാട്ടുകാര്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."