സ്റ്റേഷന്‍ഭരണം ഇനി ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളുടെ ഘടന പരിഷ്‌കരിക്കാന്‍ ആഭ്യന്തരവകുപ്പ് നടപടി തുടങ്ങി. ക്രമസമാധാനത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും ചുമതല എസ്.ഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനൊപ്പം പൊലിസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ഹൗസ് ഓഫിസറുടെ ചുമതല ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറും. കേരളത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍(സി.ഐ) തസ്തിക മാറ്റി ആ റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് എന്ന് മൂന്നുവര്‍ഷം മുന്‍പ് പുനര്‍നാമകരണം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പൊലിസ് ആസ്ഥാനത്തു ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഒരുമാസത്തിനകം പുതിയ സമ്പ്രദായം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്ത് പലയിടത്തും ഒരു ഇന്‍സ്‌പെക്ടറുടെ കീഴില്‍ രണ്ടുമുതല്‍ അഞ്ചുവരെ പൊലിസ് സ്റ്റേഷനുകളാണുള്ളത്. മിക്ക ഇന്‍സ്‌പെക്ടര്‍മാരുടെയും ഓഫിസുകള്‍ പൊലിസ് സ്റ്റേഷനുകളില്‍നിന്നു മാറി പ്രത്യേകം കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പരിഷ്‌കരണം വരുന്നതോടെ ഇന്‍സ്‌പെക്ടര്‍ ഓഫിസുകള്‍ ഇല്ലാതാവുകയും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്ന നിലയില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ഓഫിസ് പൊലിസ് സ്റ്റേഷനുകളില്‍ തന്നെ സജ്ജീകരിക്കുകയും ചെയ്യും.
പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പൊലിസ് സ്റ്റേഷനുകളുടെ ഘടന പരിഷ്‌കരിക്കുന്നത്. നിലവില്‍ ഓരോ പൊലിസ് സ്റ്റേഷനുകളിലും സ്റ്റേഷന്‍ഹൗസ് ഓഫിസര്‍ക്കു പുറമേ എസ്.ഐ റാങ്കില്‍ ഗ്രേഡ് എസ്.ഐ, സൂപ്പര്‍ ന്യൂമററി എസ്.ഐ, അഡിഷണല്‍ എസ്.ഐ എന്നീ റാങ്കുകളിലായി അഞ്ചുമുതല്‍ പത്തുവരെ എസ്.ഐമാരുണ്ടാകാറുണ്ട്. വിവിധ കേസുകളുടെ മേല്‍നോട്ടവും അന്വേഷണവും സംബന്ധിച്ച് ഇവര്‍ക്കിടയില്‍ മൂപ്പിളമ തര്‍ക്കം പതിവാണ്. പ്രായംകൊണ്ടും ജോലി പരിചയംകൊണ്ടും താരതമ്യേന ജൂനിയറായ സ്റ്റേഷന്‍ഹൗസ് ഓഫിസര്‍മാരുടെ നിര്‍ദേശം സമാന തസ്തികയിലുള്ള മുതിര്‍ന്ന എസ്.ഐമാര്‍ പലപ്പോഴും അംഗീകരിക്കാറില്ല എന്ന ആക്ഷേപവും ശക്തമാണ്. ഇതുമൂലം പൊതുജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനം യഥാസമയം ലഭിക്കാറില്ല.
സ്റ്റേഷന്റെ അധികാര ചുമതല ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനു വരുന്നതോടെ എസ്.ഐമാര്‍ക്കിടയിലുള്ള ഈഗോ പ്രശ്‌നങ്ങളും അവസാനിക്കുമെന്നാണു വിലയിരുത്തല്‍. എല്ലാ പൊലിസ് സ്റ്റേഷനുകളിലെയും സ്റ്റേഷന്‍ഹൗസ് ഓഫിസര്‍മാര്‍(എസ്.എച്ച്.ഒ) ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്ന് ഏഴാം ദേശീയ പൊലിസ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ മാത്രമാണ് സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സ്‌റ്റേഷന്‍ഹൗസ് ഓഫിസര്‍ ആയിട്ടുള്ളത്.
ഒരു പൊലിസ് സ്റ്റേഷനില്‍ ഒരുവര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ വര്‍ധനയെ അടിസ്ഥാനമാക്കി ഇന്‍സ്‌പെക്ടര്‍ മുതല്‍ ഡിവൈ.എസ്.പിമാര്‍ വരെയുള്ളവര്‍ക്ക് സ്റ്റേഷന്‍ഹൗസ് ഓഫിസറുടെ ചുമതല നല്‍കണമെന്നാണ് ചട്ടം. അതേസമയം ഇന്‍സ്‌പെക്ടര്‍മാരെ സ്റ്റേഷന്‍ചുമതല ഏല്‍പ്പിക്കുന്നതുകൊണ്ട് സര്‍ക്കാരിന് കാര്യമായ സാമ്പത്തിക നഷ്ടവും ഉണ്ടാകില്ല. പല സ്റ്റേഷനുകളിലെയും എസ്.ഐമാര്‍ വിവിധ അലവന്‍സുകള്‍ ഉള്‍പ്പടെ സി.ഐമാരുടെ ശമ്പളത്തെക്കാള്‍ ഉയര്‍ന്നതുക പ്രതിമാസം കൈപ്പറ്റുന്നുണ്ട്.
ചുമതല ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്
നല്‍കണമെന്ന് ശമ്പളക്കമ്മിഷന്‍
ശുപാര്‍ശ അട്ടിമറിച്ചു
നൂറ്റി അറുപതോളം പൊലിസ് സ്റ്റേഷനുകളുടെ സ്റ്റേഷന്‍ഹൗസ് ഓഫിസറുടെ ചുമതല ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്ന് പത്താം സംസ്ഥാന ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലിസ് അസോസിയേഷന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഇതില്‍നിന്നു പിന്‍മാറുകയായിരുന്നു.
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ക്രമസമാധാനവും കുറ്റാന്വേഷണവും പ്രത്യേകം വേര്‍തിരിക്കണമെന്ന് 2007ല്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കേരളത്തില്‍ ഇതുവരെ നടപ്പാക്കിയിരുന്നില്ല.
കുറ്റാന്വേഷണ ഡ്യൂട്ടിയിലുള്ള പൊലിസുകാരെ ഇടയ്ക്കിടെ ക്രമസമാധാന ചുമതലയില്‍ നിയോഗിക്കുന്നതുമൂലം അന്വേഷണം കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്ന പരാതി പൊലിസിന് ഇടയില്‍തന്നെയുണ്ട്. അതേസമയം മിക്ക പൊലിസ് സ്റ്റേഷനുകളിലും ആവശ്യത്തിനു പൊലിസുകാരില്ലാത്തത് പദ്ധതിയ്ക്ക് തടസമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശപ്രകാരം ഒരുലക്ഷം ജനങ്ങള്‍ക്ക് ശരാശരി 222 പൊലിസുകാര്‍ വേണമെന്നാണ് കണക്ക്.
എന്നാല്‍ ബ്യൂറോ ഓഫ് പൊലിസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരുലക്ഷം ജനങ്ങള്‍ക്ക് 139 എന്ന ശരാശരിയില്‍ ആകെ 49,437 പൊലിസുകാരാണ് സംസ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."