ജില്ലയില്‍ ബി.എസ്.എന്‍.എല്‍ ഹോട്ട് സ്‌പോട്ടുകള്‍ സജ്ജം
പാലക്കാട്: സ്വകാര്യ മൊബൈല്‍ കമ്പനികളുടെ വെല്ലുവിളി ഏറ്റെടുത്ത് ബി.എസ്.എന്‍.എല്ലും മത്സര രംഗത്തേക്ക്. ഡിസംബര്‍ മാസത്തോടെ ഫോര്‍ജി സംവിധാനത്തിലേക്ക് മാറുമെന്ന് ജനറല്‍ മാനേജര്‍ എ.എസ്. സുകുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫോര്‍ജി സൗകര്യം ലഭ്യമാക്കുന്നതിനായി 42 ടവറുകള്‍ ജില്ലയില്‍ സ്ഥാപിക്കും. 234 ത്രീജി ടവറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 127 എണ്ണം കൂടി ഉടന്‍ സ്ഥാപിക്കും.
പുതിയ 1,62000 മൊബൈല്‍ കണക്ഷനുകള്‍ നല്‍കാന്‍ ബി.എസ്.എന്‍.എല്ലിന് പദ്ധതിയുണ്ട്. നിലവിലുള്ള 4.5 ലക്ഷം മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം അടക്കമുള്ളവ ഒരുക്കും.
പാലക്കാട്, കഞ്ചിക്കോട്, കൊടുവായൂര്‍, പട്ടാമ്പി എന്നിവിടങ്ങള്‍ക്ക് പുറമെ ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ഒലവക്കോട് എന്നിവിടങ്ങളില്‍ കൂടി ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. വരുമാന വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ കേബിള്‍ ശൃംഖലകളുമായി സഹകരിച്ച് കൂടുതല്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിനുംബി.എസ്.എന്‍.എല്‍ തയ്യാറെടുക്കുന്നുണ്ട്. 2,2000 പുതിയ ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ നല്‍കാനാണ് തീരുമാനം.
ജനങ്ങളുടെ ആശങ്കയകറ്റി സുരക്ഷിതമായി ആധാര്‍ മൊബൈല്‍ഫോണ്‍ നമ്പരുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യം എല്ലാ കസ്റ്റമര്‍ കെയര്‍ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.
ജില്ലയില്‍ കൂടുതല്‍ വൈഫൈ ഹോട് സ്‌പോട്ടുകളും ഒരുക്കിയിട്ടുണ്ട്. ജി.എം.ടി ഓഫിസ്, ടൗണ്‍ ബസ്സ്റ്റാന്‍ഡ്, കല്‍മണ്ഡപം, കൊടുവായൂര്‍ ടൗണ്‍, പുതുനഗരം, സി.ടി.ഒ, കുളപ്പുള്ളി, സേവന ആശുപത്രി, അഹല്യ ആശുപത്രി, ഹോസ്റ്റല്‍, സിവില്‍ സ്‌റ്റേഷന്‍, കോടതിപ്പടി, തങ്കം, വെല്‍ കെയര്‍ ആശുപത്രികള്‍ എന്നിവടങ്ങളില്‍ സ്‌പോട്ടുകള്‍ സജ്ജമാണ്.
നിലവിലുള്ള പ്ലാനുകള്‍ക്ക് അനുസൃതമായും പുതിയ വൗച്ചറുകള്‍ വഴിയും ഉപയോഗിക്കാവുന്ന വൈ ഫൈ ഹോട് സ്‌പോട്ടുകള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. ജില്ല മുഴുവന്‍ 130 വൈഫൈ ഹോട് സ്‌പോട്ടുകള്‍ ഒരുക്കാനാണ് പദ്ധതി. ജില്ലയില്‍ എസ്.പി ഓഫിസ്, ജില്ല ആശുപത്രി, പാലന, പി.കെ ദാസ്, ലക്ഷ്മി, മണ്ണാര്‍ക്കാട് മദര്‍കെയര്‍ ആശുപത്രികള്‍, ആലത്തൂര്‍, ചിറ്റൂര്‍, പട്ടാമ്പി സിവില്‍ സ്റ്റേഷനുകള്‍, ഒറ്റപ്പാലം കോടതി പരിസരം എന്നിവടങ്ങില്‍ സ്‌പോട്ടുകള്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ആര്‍. ദിനകരാജന്‍, വത്സഹരിദാസ്, എ. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."