തെക്കന്‍ കേരളത്തിന്റെ സംഘചലനത്തിന് ഉണര്‍വ് നല്‍കി സാരഥി സംഗമം
കൊല്ലം: തെക്കന്‍ കേരളത്തില്‍ സമസ്തയുടെ സംഘ ചലനങ്ങള്‍ക്ക് പുത്തനുണര്‍വേകി സാരഥി സംഗമം പുതിയ ചരിത്രമെഴുതി. ഇസ്്‌ലാമിക പ്രബോധന രംഗത്തും വൈജ്ഞാനിക സംരംഭങ്ങളിലും സമസ്ത നയിച്ച മാതൃകാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെക്കന്‍ ജില്ലകളില്‍ സംഘ ചലനങ്ങള്‍ക്കുള്ള വിളംബരം കൂടിയായിരുന്നു സാരഥി സംഗമം. സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സാരഥി സംഗമത്തിനു സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി നൂറുക്കണക്കിനു മതാധ്യാപകരും മദ്‌റസാ മാനേജ്‌മെന്റ് പ്രതിനിധികളുമാണ് ഇന്നലെ പുലര്‍ച്ചയോടെ കൊല്ലൂര്‍വിളയിലേക്ക് ഒഴുകിയെത്തിയത്. വിവിധ ഭാഗങ്ങളില്‍ നിന്നും പുലര്‍ച്ചെ അഞ്ചുമണിയോടെ എത്തിയ പ്രതിനിധികളെ ഉള്‍ക്കൊള്ളാനാവാതെ സമ്മേളന നഗരിയും പരിസരവും നിറഞ്ഞു കവിഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ മതാധ്യാപക സംഘടനയായ സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ഈ അധ്യയന വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട റെയിഞ്ച് സാരഥികളുടെ വാര്‍ഷിക സംഗമമായിരുന്നു ഇന്നലെ നടന്നത്. സാദാത്തുക്കള്‍, സമുന്നത മത പണ്ഡിതന്‍മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങള്‍ രാവിലെ പത്തു മുതല്‍ ഉച്ചക്ക് രണ്ടുമണി വരെ നടന്ന സംഗമത്തിന് നേതൃത്വം നല്‍കി. രാവിലെ 8.30ന് സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ തുടക്കമായത്.
സമ്മേളനത്തില്‍ എത്തിയ പ്രതിനിധികളെ സ്വീകരിക്കാന്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയത്. കൊല്ലം റയില്‍വേ സ്റ്റേഷനു സമീപമുള്ള പട്ടാളത്ത് പള്ളി, കര്‍ബല ഹാള്‍, കര്‍ബല അനെക്‌സ്, പള്ളിമുക്ക് യൂനുസ് ബി.എഡ് കോളജ്, കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത് എന്നിവിടങ്ങളിലാണ് പ്രതിനിധികളെ സ്വീകരിക്കാന്‍ സൗകര്യമൊരുക്കിയത്. പ്രതിനിധികള്‍ക്ക് സന്നദ്ധ സേവനവുമായി വിഖായ വളണ്ടിയമാര്‍ കര്‍മ്മരംഗത്ത് സജീവമായിരുന്നു.
428 റെയിഞ്ച് കമ്മിറ്റികളില്‍ നിന്നായി മൂവായിരത്തോളം സാരഥികള്‍ പങ്കെടുത്ത സംഗമത്തില്‍ മുദര്‍രിബ് ലോഞ്ചിങ്, മാതൃകാ മുഅല്ലിം അവാര്‍ഡ് ദാനം, മുഅല്ലിം സുവര്‍ണ സേവന അവാര്‍ഡ് ദാനം എന്നിവ നടന്നു.
എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് എം മഹമൂദ് മുസ്‌ലിയാര്‍, ജില്ലാ സെക്രട്ടറി ഷാജഹാന്‍ അമാനി, അബ്ദുല്‍ സമദ് മാസ്റ്റര്‍,പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, ആലംകോട് ഹസന്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് അഹമ്മദ് ഉഖൈല്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് ദാരിമി, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ പ്രസിഡന്റ് നജുമുദ്ദീന്‍ മന്നാനി, സെക്രട്ടറി ഷാജഹാന്‍ കാഷ്ഫി, സമസ്ത ഓര്‍ഗനൈസര്‍ പി.സി ഉമര്‍ മൗലവി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സലീം റഷാദി, വര്‍ക്കിങ് സെക്രട്ടറി അലി മുസ്‌ലിയാര്‍, ട്രഷറര്‍ തോപ്പില്‍ നൗഷാദ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം അന്‍സാറുദ്ദീന്‍ ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ്, കൊല്ലൂര്‍വിള ഇമാം ഇ ഷിഹാബുദ്ദീന്‍ ഫൈസി, ഇ.കെ സുലൈമാന്‍ ദാരിമി, ഷാജഹാന്‍ ഫൈസി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."