പി.സി ജോര്‍ജിനെ യു.ഡി.എഫില്‍ എടുക്കരുത്: യൂത്ത് ലീഗ്
ഈരാറ്റുപേട്ട: രാഷ്ട്രീയ സദാചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത പി.സി ജോര്‍ജിനെ യു.ഡി.എഫില്‍ എടുക്കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ്. ഒരേ സമയം ആര്.എസ്.എസിനെയും എസ്.ഡി.പി.ഐയെയും താലോലിക്കുന്ന ജോര്‍ജിന് അധികാരത്തിലപ്പുറം രാഷ്ട്ര താല്പര്യമില്ല. ഇത്തരക്കാര്‍ക്ക് ഇടംനല്കുന്നത് കേരളത്തില്‍ യു.ഡി.എഫിന്റെ പ്രതിച്ഛായ തകര്‍ക്കും. യൂത്ത് ലീഗ് യുവജനയാത്രക്ക് ഈരാറ്റുപേട്ടയില്‍ നല്കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന് ലഭിക്കുന്ന വര്‍ധിച്ച സ്വീകാര്യത മുന്നില്‍ക്കണ്ടാണ് കാറ്റിനൊത്ത് കളംമാറി ശീലമുള്ള ജോര്‍ജ് ഇപ്പോല്‍ യു.ഡി.എഫ് പ്രവേശനത്തിന് ശ്രമിക്കുന്നത്. നിലപാടുകളുടെ കരുത്തുകൊണ്ടാണ് കേരളത്തില്‍ യു.ഡി.എഫ് നിലനില്‍ക്കുന്നത്. രാഷ്ട്രീയ ജോക്കറുകള്‍ തോന്നുമ്പോള്‍ കയറിവന്നാല്‍ പായ വിരിച്ചുകൊടുക്കേണ്ട സാഹചര്യം യു.ഡി.എഫിനില്ല. സ്വന്തം തട്ടകത്തില്‍ എസ്.ഡി.പി.ഐയെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന അദ്ദേഹം നിയമസഭയില്‍ ആര്.എസ്.എസിന്റെ പ്രതിനിധിയായി സ്വയം മാറാന്‍ ശ്രമിക്കുകയാണ്.
ഇടതുപക്ഷവും ബി.ജെ.പിയും നിലപാടുകളുടെ കാപട്യത്താല്‍ സംസ്ഥാനത്ത് മുഖംനഷ്ടപ്പെട്ട നിലയിലാണ്. ബി.ജെ.പി വര്‍ഗീയത ആളിക്കത്തിച്ച് നിലനില്‍പ്പ് തേടുമ്പോള്‍ ഇടതുപക്ഷം അതിന് വളംനല്‍കി വിഭാഗീയത പടര്‍ത്തുകയാണ്. ഇരുവര്‍ക്കും ജനക്ഷേമത്തിലോ വികസനത്തിലോ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."