സെക്രട്ടേറിയറ്റില്‍ തേക്ക് കസേര വാങ്ങാന്‍ പൊടിക്കുന്നത് ലക്ഷങ്ങള്‍
തിരുവനന്തപുരം: സംസ്ഥാന പുനര്‍നിര്‍മാണത്തിന് പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ സെക്രട്ടേറിയറ്റില്‍ ആഢംബരത്തിന് ഒരു കുറവുമില്ല. ലക്ഷങ്ങള്‍ ചെലവാക്കിയാണ് സെക്രട്ടേറിയറ്റില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്.
സെക്രട്ടേറിയറ്റിലെ വകുപ്പ് സെക്രട്ടറിമാര്‍ ഒരുമാസം രണ്ടര ലക്ഷം രൂപക്ക് ചായ കുടിച്ചതിനുപിന്നാലെ ലക്ഷങ്ങള്‍ മുടക്കി തേക്കില്‍ നിര്‍മിച്ച കസേര വാങ്ങാനും മന്ത്രിമാരുടെ ഓഫിസ് നവീകരിക്കാനും ഭരണാനുമതിയായി. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിന്റെ ഏഴാം നിലയില്‍ സജ്ജീകരിക്കുന്ന കോണ്‍ഫറന്‍സ് ഹാളില്‍ ഉപയോഗിക്കുന്നതിനാണ് തേക്കില്‍ നിര്‍മിച്ച 30 കസേരകള്‍ വാങ്ങുന്നത്.
കസേരകള്‍ക്ക് 2,48,774 രൂപയാണ് ചെലവ്. സിഡ്കോയില്‍ നിന്നാണ് കസേര വാങ്ങുന്നത്. ഇതുകൂടാതെ 20 ഫാനും വാങ്ങും.
ഇതേ കെട്ടിടത്തില്‍ നവീകരിച്ച രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍ ഉണ്ടായിരിക്കെയാണ് ഏഴാംനിലയില്‍ വീണ്ടും മറ്റൊരു കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കുന്നത്. കൂടാതെ മന്ത്രിമാരുടെ കാബിനോട് അനുബന്ധിച്ചും കോണ്‍ഫറന്‍സ് ഹാളുകളുണ്ട്.
കസേര വാങ്ങുന്നത് കൂടാതെ സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ മന്ത്രിമാരുടെ ഓഫിസ് കാബിനുകള്‍ പരിഷ്ക്കരിക്കുന്നതിനും പുതിയവ നിര്‍മിക്കുന്നതിനും 4,50,000 രൂപയും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്. വനംമന്ത്രി കെ.രാജു, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്, കൃഷിമന്ത്രി സുനില്‍ കുമാര്‍ എന്നിവരുടെ ഓഫിസ് നവീകരിക്കാനും മറ്റുമാണ് പണം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."