വിനോദസഞ്ചാര കേന്ദ്രത്തില്‍ പുലിയിറങ്ങിയതായി വ്യാജ വാര്‍ത്ത; പ്രചാരണം നടത്തിയവര്‍ക്കെതിരേ പൊലിസ് നടപടിയെടുക്കും
വടക്കാഞ്ചേരി: വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തില്‍ പുലിയിറങ്ങിയതായി വ്യാജ പ്രചരണം.വാഴാനിയോട് ഏറെ സാദൃശ്യമുള്ള സ്ഥലത്തിന്റെ ചിത്രത്തോടൊപ്പം പുലി റോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം കിടക്കുന്ന പടം കൂടിയായപ്പോള്‍ ജനങ്ങള്‍ വന്‍തോതില്‍ പരിഭ്രാന്തിയിലായി. വാട്‌സ് ആപ്പിലൂടെ വാര്‍ത്ത അതിവേഗം പടര്‍ന്നു. ഇന്നലെഉച്ചക്കുശേഷമാണ് വ്യാപകമായി വ്യാജസന്ദേശം പ്രചരിപ്പിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ പ്രദേശവാസികള്‍ ഇറിഗേഷന്‍ ഓഫിസിലും ഫോറസ്റ്റ് പൊലിസ് സ്‌റ്റേഷനുകളിലേക്കും മാധ്യമ ഓഫിസുകളിലേയ്ക്കും സത്യാവസ്ഥ അന്വേഷിച്ച് നിരവധി കോളുകളെത്തി. പൊലിസ് വനം ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജനം പരിഭ്രാന്തരാകേണ്ടതില്ലെന്ന സന്ദേശം നല്‍കി. വാഴാനിയില്‍ അന്യഗ്രഹ ജീവി ഇറങ്ങിയെന്ന തരത്തില്‍ നാളുകള്‍ക്ക് മുന്‍പ് സമാനമായ വ്യാജ പ്രചാരണം നടന്നിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലൊന്നായ വാഴാനിയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ പ്രചാരണമാണ് നടക്കുന്നതെന്ന വിലയിരുത്തലും ശക്തമായിട്ടുണ്ട്.
ജനങ്ങളെ ഭയചകിതരാക്കുന്ന വസ്തുതകള്‍ക്ക് നിരക്കാത്ത തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരേയും നടപടി ഉണ്ടാകും. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."