ആദ്യം ശുചിത്വം പിന്നെ ഭരണം; മാതൃകയായി പഞ്ചായത്ത് പ്രസിഡന്റ്
പാറക്കടവ്: ഡെങ്കിപ്പനിയും കോളറയും പടര്‍ന്ന് പിടിക്കുന്ന ഈ സമയത്ത് ശുചീകരണ പ്രവര്‍ത്തനത്തിന് സഹപ്രവര്‍ത്തകരോടൊപ്പം നേരിട്ടിറങ്ങി ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ് മാതൃകയായി.
തന്റെ പഞ്ചായത്തില്‍ പനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികളാണ് പ്രസിഡന്റ് നടപ്പിലാക്കി വരുന്നത്. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളും കേന്ദ്രീകരിച്ച് ശുചിത്വവല്‍ക്കരണം നടത്തി. കൂടാതെ ഓരോ വിദ്യാര്‍ഥിയുടെയും വീട്ടില്‍ ഇതിനെതിരേ പ്രതിരോധ നടപടി സ്വീകരിക്കുന്നതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടേയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും സഹായത്താല്‍ സ്‌കൂളില്‍ ബോധവല്‍ക്കരണവും നടത്തി. ഒപ്പം ഓരോ വീടും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് തുണി സഞ്ചി നിര്‍മാണത്തിനുള്ള പരിശീലനം നല്‍കും. നേരത്തേ പ്ലാസ്റ്റിക് കവറുകള്‍ പഞ്ചായത്തില്‍ നിരോധിച്ചിട്ടുണ്ട്. സ്റ്റുഡന്റ് പൊലിസ് കെഡറ്റുകളുടെ സഹായത്തോടെ വരുംദിനങ്ങളില്‍ പനിക്കെതിരേയും പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേയും ശക്തമായ ബോധവല്‍ക്കരണവും മറ്റ് നടപടികളും ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് ശുചീകരണവാരത്തിന് തുടക്കം കുറിച്ച് പഞ്ചായത്ത്, വില്ലേജ് ഓഫിസ് പരിസരം പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ശുചീകരിച്ചു. പ്രസിഡന്റ് തൊടുവയില്‍ മഹമൂദ്, കെ.പി കുമാരന്‍, പി.കെ ഹനീഫ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."