ചില ജീവിതങ്ങളുടെ യാത്ര ഇവിടെ ആരംഭിക്കുന്നു
കോഴിക്കോട്: എ.കെ.ജി മേല്‍പാലത്തിനടിയില്‍ എബിലിറ്റി പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനം നിലവില്‍വന്നു. ഭിന്നശേഷിക്കാരായിരിക്കും ഇവിടെ പണം പിരിച്ചെടുക്കുക. ചരിത്രത്തിലാദ്യമായാണ് ഒരു കോര്‍പറേഷന്‍ ഭിന്നശേഷിക്കാര്‍ക്ക് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്.
മഴയും വെയിലും ഏല്‍ക്കാതെ നിങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചില ജീവിതങ്ങളുടെ യാത്രയാണ് ഇവിടെ ആരംഭിക്കുന്നത്. സ്വന്തമായി സ്വപ്നങ്ങളോ ആവശ്യങ്ങളോ പറയാന്‍ കഴിയാതെ അവസരങ്ങള്‍ ഒന്നുംതന്നെ ലഭിക്കാതെ, എന്നാല്‍ എന്തും ചെയ്യാനുള്ള മനക്കരുത്തുമായി ഒതുങ്ങിക്കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസവുമായാണ് കോര്‍പറേഷന്‍ മേല്‍പാലത്തിനടിയില്‍ പേ പാര്‍ക്കിങ്ങിനായി അനുമതി നല്‍കിയത്.
പാലത്തിനു പടിഞ്ഞാറുഭാഗത്ത് മലബാര്‍ കുഷ്ഠരോഗ സഹായ കമ്മിറ്റിയിക്ക് അനുവദിച്ച ക്യാബിനു മുന്‍ഭാഗം മുതലുള്ള സ്ഥലമാണ് ഒരുവര്‍ഷത്തേക്ക് പേ പാര്‍ക്കിങ്ങിനായി വിട്ടുനല്‍കിയത്.
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് പരിവാര്‍, നാഷനല്‍ ട്രസ്റ്റ് ജില്ലാതല കമ്മിറ്റി, ലീഗല്‍ സര്‍വിസ് അതോറിറ്റി, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. നഗരസഭ നിശ്ചയിച്ച നിരക്കുകള്‍ തന്നെയാണ് ഇവിടെയും ഈടാക്കുക. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ജോലി ചെയ്യാന്‍ പ്രാപ്തരായവരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. എബിലിറ്റി പേ പാര്‍ക്കിങ്ങിലൂടെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുകയാണു ലക്ഷ്യമെന്ന് നാഷനല്‍ ട്രസ്റ്റ് ജില്ലാതല കമ്മിറ്റി കണ്‍വീനര്‍ പി. സിക്കന്തര്‍ പറഞ്ഞു.
അതേസമയം പാലത്തിനു താഴെയുള്ള അനധികൃത വസ്തുക്കളും കച്ചവട സാധനങ്ങളും ഏഴു ദിവസത്തിനകം എടുത്തുമാറ്റണമെന്ന് കോര്‍പറേഷന്‍ റവന്യൂ ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."