മുട്ടം-ഇടപ്പള്ളി ബൈപാസ് റോഡ്: നിജസ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിയുടെ നിര്‍ദേശം
തൊടുപുഴ: മുട്ടം-ഇടപ്പള്ളി ബൈപാസ് റോഡിന്റെ നിജസ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ജി. സുധാകരന്‍ ഇടുക്കി പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എല്‍ ജോസഫ്, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, പഞ്ചായത്ത് മെംബര്‍മാരായ ടി.കെ മോഹനന്‍, ഷീല സന്തോഷ്, മുട്ടം വികസനസമിതിയംഗങ്ങളായ പി.എസ് രാധാകൃഷ്ണന്‍, ജോസ് ചുമപ്പുങ്കല്‍, ബേബി ചൂരപ്പൊയ്കയില്‍, കെ.എസ് ജോര്‍ജ് എന്നിവര്‍ മന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.
തൊടുപുഴ, മൂലമറ്റം, ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിലേക്ക് പോകുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡാണ് മുട്ടം ടൗണ്‍ വഴിയുള്ളത്. ചെറുതും വലുതുമായ ആയിരത്തോളം വാഹനങ്ങളാണ് നിത്യവും ഈവഴി കടന്നുപോകുന്നത്. ജില്ലാ കോടതിയുള്‍പ്പെടെ പതിനാറോളം കോടതികള്‍, എന്‍ജിനിയറിങ് കോളജ്, ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് അടക്കം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള ഹോസ്റ്റലുകള്‍, വ്യവസായ പ്ലോട്ട്, ആശുപത്രികള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന മുട്ടത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് നിത്യവും അനുഭവപ്പെടുന്നത്.
സമീപത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നത് ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നു. ശബരിമല സീസണായാല്‍ വിവിധ ജില്ലകളിലെയും ഇതര സംസ്ഥാനങ്ങളിലെയും അയ്യപ്പഭക്തര്‍ കൂടുതല്‍ ആശ്രയിക്കുന്നതും മുട്ടം ടൗണ്‍ വഴിയുള്ള റോഡാണ്. ഈ സമയത്ത് മുട്ടം ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടും.
ടൗണിന് സമാന്തരമായി ഒരു ബൈപാസ് എന്ന ആവശ്യം ഉന്നയിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് മുട്ടം പഞ്ചായത്ത് പ്രദേശത്തെ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും രംഗത്തുവരികയും അധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
പി.ജെ ജോസഫ് മന്ത്രിയായിരുന്നപ്പോള്‍ 2012 ല്‍ മുട്ടം-ഇടപ്പള്ളി ബൈപാസ് റോഡിന് ഭരണാനുമതി നല്‍കുകയും രണ്ടുകോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്തു. പെരുമറ്റം കനാല്‍ ഭാഗത്ത് കയറ്റത്തിനോട് ചേര്‍ന്നുള്ള പഴയ റോഡ് മുതല്‍ മുട്ടം എന്‍ജിനിയറിങ് കോളജിന്റെ പിന്‍വശംവഴി പരപ്പാന്‍തോടിന് കുറുകെ ജില്ലാ ഹോമിയോ ആശുപത്രിയുടെ അതിരിലൂടെ തോട്ടുങ്കര പാലത്തിനപ്പുറം എത്തുന്ന ബൈപാസ് റോഡിനാണ് സര്‍ക്കാര്‍ അന്ന് അനുമതി നല്‍കിയത്.
പിന്നീട് അലൈന്‍മെന്റ് മാറ്റുകയും പുതിയ അലൈന്‍മെന്റ് അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് ബൈപാസിന് 2.116 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമാണുള്ളത്. പുതിയ അലൈമന്റനുസരിച്ച് റോഡിന്റെ അതിര് നിര്‍ണയിച്ച് കല്ല് സ്ഥാപിച്ചെങ്കിലും പിന്നീടൊന്നും നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."