അനധികൃത വാഹന പാര്‍ക്കിങ്ങിന് പൊലിസിന്റെ 'പൂട്ട് '
മഞ്ചേരി: അനധികൃതമായി വാഹനം നിര്‍ത്തിയിടുന്നതു കാരണം രോഗികള്‍ ദുരിതം സഹിക്കേണ്ടിവന്നതോടെ നടപടിയുമായി പൊലിസ്. മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്തെ നിയമം ലംഘിച്ചുള്ള പാര്‍ക്കിങ്ങും കോളജ് കൈയേറിയുള്ള വാഹനങ്ങളുടെ സഞ്ചാരവുമാണ് രോഗികളെ പ്രയാസപ്പെടുത്തിയിരുന്നത്. അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടി വൈകുന്നതു സുപ്രഭാതം വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
മെഡിക്കല്‍ കോളജ് പരിസരത്തെ റോഡില്‍ നിര്‍ത്തിയിട്ട മുപ്പതോളം ഇരുചക്ര വാഹനങ്ങള്‍ മഞ്ചേരി ട്രാഫിക് പൊലിസ് പിടികൂടി. പാര്‍ക്കിങ് നിരോധിത മേഖലയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പൊലിസ് ചെയിന്‍ ഉപയോഗിച്ച് പൂട്ടിയിടുകയാണ് ചെയ്യുന്നത്.
ഉടമ പൊലിസ് സ്റ്റേഷനിലെത്തി പിഴയടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂ. മെഡിക്കല്‍ കോളജ് പരിസരത്തെയും സീതി ഹാജി ബസ് സ്റ്റാന്‍ഡ് പരിസരത്തെയും അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്നു പിടികൂടിയ വാഹനങ്ങള്‍ക്കു പിഴയിനത്തില്‍ മുപ്പതിനായിരത്തോളം രൂപ ഈടാക്കി.
കോടതി റോഡില്‍നിന്നു കാരുണ്യ ഫാര്മസിയോടു ചേര്‍ന്നുള്ള റോഡിലും മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിനു പരിസരത്തും നിരവധി വാഹനങ്ങളാണ് നിയമം ലംഘിച്ചു നിര്‍ത്തിയിടുന്നത്.
ഈ റോഡില്‍ വാഹന പാര്‍ക്കിങ് വിലക്കിക്കൊണ്ടുള്ള ആശുപത്രി സൂപ്രണ്ടിന്റെയും പൊലുസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചാണ് ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചതൊഴികെ മറ്റു നടപടികളിലേക്കു പൊലിസ് പ്രവേശിക്കാത്തതും പരിശോധന പ്രഹസനമായതുമാണ് അനധികൃത പാര്‍ക്കിങ് കൂടുതലാകാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."