ജീവിച്ചിരിക്കുന്ന മാതാവിന് കുഴിമാടമൊരുക്കി; അപമാനിച്ച് ഫ്ളക്സ് വച്ചു
മലപ്പുറം: ജീവിച്ചിരിക്കുന്ന തനിക്കു വീടിനു മുന്നില്‍ കുഴിമാടമൊരുക്കിയ മകനെതിരേ നടപടിയാവശ്യപ്പെട്ടു മാതാവ് വനിതാ കമ്മിഷനില്‍. തിരുന്നാവായ കൊടക്കല്ലിലാണ് മാതാവിനെ അവഹേളിക്കുന്നതിനായി മകന് കുഴിമാടമൊരുക്കിയത്. ഇവരെ അവഹേളിച്ചു ഫ്ളക്സ് ബോര്‍ഡ് വച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
പരാതിക്കാരിക്കു രണ്ടു മക്കളാണുള്ളത്. രണ്ടാമത്തെ മകന്റെ വീട്ടിലാണ് നിലവില്‍ താമസിക്കുന്നത്. ഇതിനു സമീപത്തായാണ് മൂത്ത മകന് കുഴിമാടമൊരുക്കിയത്. സംഭവത്തില്‍ ഇവര്‍ പൊലിസിലും പരാതി നല്‍കിയിരുന്നു. ഇന്നലെ മലപ്പുറത്തു നടന്ന വനിതാ കമ്മിഷന് സിറ്റിങ്ങില്‍ മാതാവും മകനും ഹാജരായെങ്കിലും പരാതി തീര്‍പ്പാക്കാനായില്ല. പഞ്ചായത്ത് അംഗത്തെ ഫോണില്‍ വിളിച്ച് നിജസ്ഥിതി അന്വേഷിച്ചു. പൊലിസ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ച ശേഷം വനിതാ കമ്മിഷന് തുടര്‍നടപടി സ്വീകരിക്കും. ഇന്നലെ മലപ്പുറം കലക്ടേറ്റില്‍ നടന്ന സിറ്റിങ്ങില്‍ 90 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 28 എണ്ണം തീര്‍പ്പാക്കി. 17 എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടുകയും 45 എണ്ണം അടുത്ത അദാലത്തിലേക്കു മാറ്റുകയും ചെയ്തു. മലപ്പുറത്തെ സ്വകാര്യ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയെ അവഹേളിച്ചതായി പ്രിന്സിപ്പലിനെതിരേയുള്ള പരാതിയില്‍ വനിതാ കമ്മിഷന് നേരിട്ട് അന്വേഷണം നടത്തും. സ്റ്റാഫ് റൂമില്‍വച്ച് സഭ്യമല്ലാത്ത പെരുമാറ്റം നടത്തിയെന്നും അവഹേളിച്ചെന്നുമാണ് പരാതി. 2016ല്‍ ലഭിച്ച പരാതിയില്‍ വകുപ്പുതല അന്വേഷണം നടത്തിയെങ്കിലും തീര്‍പ്പാക്കാനായിട്ടില്ല. തുടര്‍ന്നാണ് കമ്മിഷന് നേരിട്ട് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
വിവാഹ ബന്ധത്തില്‍നിന്ന് ഒഴിയാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുവെന്ന മകളുടെ പരാതിയും സിറ്റിങ്ങില്‍ പരിഗണിച്ചു. താനൂര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ നഴ്സ് നല്കിയ പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫുസറില്നിന്നു റിപ്പോര്‍ട്ട് തേടി. ജനുവരി 19നാണ് അടുത്ത അദാലത്ത്. കമ്മിഷന് അംഗം ഇ.എം രാധ, അഭിഭാഷകരായ എം.എസ് താര, ഷാജി ശിവജി, രാജേഷ് പുതുക്കാട്, പ്രീതി ശിവരാമന്, വനിതാ കമ്മിഷന് എസ്.ഐ എല്‍. രമ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."