കുടിവെള്ള പ്രതിസന്ധി; പ്രക്ഷോഭത്തിനൊരുങ്ങി കരുവാരകുണ്ട് പഞ്ചായത്ത്
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പ്രതിസന്ധി രൂക്ഷം. ഒലിപ്പുഴ സംരക്ഷിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന നിസംഗതയ്ക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഗ്രാമപഞ്ചായത്ത്. പ്രളയത്തില്‍ പുഴയില്‍ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കാത്തതു കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പ്രളയത്തില്‍ ഒലിപ്പുഴയില്‍ ചെളിയും പാറക്കഷ്ണങ്ങളും അടിഞ്ഞുകൂടിയിരുന്നു. ഇതുകാരണം പുഴയിലെ ജലസമ്പത്ത് നഷ്ടമായിരിക്കുകയാണ്. ഇക്കോ ടൂറിസം വില്ലേജിലെ മിനി ഡാം സംരക്ഷിക്കാത്തതു മൂലം പ്രത്യക്ഷത്തില്‍ 3,500 കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള വിതരണം മുടങ്ങി.
മൂന്നു കുടിവെള്ള പദ്ധതികള്‍ക്കായി ദിനംപ്രതി അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇക്കോ വില്ലേജിലെ കിണറില്‍നിന്നു പമ്പ് ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളംപോലും പമ്പ് ചെയ്യാന്‍ സാധിക്കുന്നില്ല.
ഇതുസംബന്ധിച്ചു ജില്ലാ കലക്ടര്‍ക്കു പല തവണ നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ദിവസങ്ങള്‍ക്കകം നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ളംപോലും കിട്ടാത്ത അവസ്ഥയാകും. ഇതേ തുടര്‍ന്നാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചതെന്നു പ്രസിഡന്റ് വി. ആബിദലി പറഞ്ഞു. ഒരു ഘട്ടത്തില്‍ പുഴ ശുചീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നു പ്രതീക്ഷിച്ചെകിലും പിന്നീട് പല കാരണങ്ങളാല്‍ അതു തടസപ്പെടുകയായിരുന്നു. കുടിവെള്ള പ്രതിസന്ധിക്കു പുറമേ, പുഴയുടെ അവസ്ഥ മൂലം ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."