'എന്തിനീ അവഗണന?'
മഞ്ചേരി: റോഡുകള്‍ തകര്‍ന്നതോടെ മഞ്ചേരി കോളജ് കുന്നിലേക്കുള്ള യാത്ര ദുരിതമാകുന്നു. എന്‍.എസ്.എസ് കോളജ് റോഡ്, കസാലക്കുന്ന് റോഡ്, ബൈപാസ് റോഡ് എന്നിവ തകര്‍ന്നിട്ട് രണ്ടു വര്‍ഷത്തോളമായി. കുത്തനെയുള്ള കയറ്റത്തില്‍ റോഡ് തകര്‍ന്നു വന്‍ കുഴികളായതോടെ വാഹനങ്ങള്‍ക്കു പോകാന്‍ ബുദ്ധിമുട്ടാണ്.
നിരവധി തവണ അപകടങ്ങളുണ്ടായിട്ടും റോഡ് നന്നാക്കാനുള്ള നടപടികളായിട്ടില്ല. എന്‍.എസ്.എസ് കോളജ്, എച്ച്.എം.വൈ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ ഇതുവഴി പോകുന്നുണ്ട്. ഇതിനു പുറമേ 150ലധികം വീടുകളും ആകാശവാണി നിലയവും ആശ്രയിക്കുന്നത് ഈ റോഡാണ്. റോഡ് തകര്‍ന്നതോടെ ഓട്ടോറിക്ഷകളും കോളജ്കുന്നിലേക്കു പോകുന്നില്ല. യാത്ര നടത്താന്‍ വിസമ്മതിക്കുന്നതിനു പൊലിസ് പിഴ ചുമത്തുന്നുമുണ്ട്.
എന്നാല്‍, കുഴിയില്‍വീണു വാഹനത്തിനു തകരാര്‍ സംഭവിക്കുമെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്. കോളേജ് റോഡ് മരാമത്ത് വകുപ്പിന്റേതും മറ്റു രണ്ടു റോഡുകള്‍ നഗരസഭയുടേതുമാണ്. റോഡ് അറ്റകുറ്റപ്പണി നടത്താന്‍ പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. നഗരസഭ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."