നെഹ്‌റു ട്രോഫി: ആവേശമുയര്‍ത്തി വഞ്ചിപ്പാട്ട് മത്സരം
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ആഘോഷങ്ങളെ ആവേശത്തിലാഴ്ത്തി വഞ്ചിപ്പാട്ട് മത്സരം. രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പതാകയുയര്‍ത്തി മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചീഫ് കോ ഓര്‍ഡിനേറ്ററായ മുന്‍ എം.എല്‍.എ. സി.കെ. സദാശിവന്‍ ആധ്യക്ഷനായി. മുന്‍ എം.എല്‍.എ. എ.എ. ഷുക്കൂര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. രേഖ, സി.കെ. വിജയന്‍, എസ്.എം. ഇക്ബാല്‍, ജോസ് കാവനാട്, തങ്കച്ചന്‍ പാട്ടത്തില്‍, സണ്ണി, എം.വി. ഹല്‍ത്താഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ജലസേചന വകുപ്പിലെ 10 ജീവനക്കാര്‍ വജ്രജൂബിലിയാഘോഷിക്കുന്ന കേരളത്തിന്റെ നേട്ടങ്ങളെ സ്തുതിച്ച് അവതരിപ്പിച്ച വഞ്ചിപ്പാട്ടോടെയാണ് മത്സരം ആരംഭിച്ചത്. വഞ്ചിപ്പാട്ട് സംഘം സെക്രട്ടറി പി.ജെ. വിജയന്‍ ചിട്ടപ്പെടുത്തിയ പാട്ടാണ് ആലപിച്ചത്. വിവിധ ഇനങ്ങളിലായി 39 സംഘങ്ങളാണ് മത്സരിച്ചത്.
കുട്ടനാട് ശൈലിയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുട്ടമംഗലം എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ് ഒന്നാമതെത്തി. ആര്യാട് ഗവണ്‍മെന്റ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും തത്തംപള്ളി സെന്റ് മൈക്കിള്‍സ് എച്ച്്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ കുട്ടമംഗലം എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്, തത്തംപള്ളി സെന്റ് മൈക്കിള്‍സ് എച്ച്്.എസ്.എസ്, ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചേര്‍ത്തല മുട്ടം ഹോളി ഫാമിലി എച്ച്.എസ്.എസ്. ഒന്നാമതെത്തി. കുട്ടമംഗലം എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും ആര്യാട് ഗവണ്‍മെന്റ് എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുട്ടമംഗലം എസ്.എന്‍.ഡി.പി. എച്ച്്.എസ്.എസ്. ഒന്നാംസ്ഥാനം നേടി.
സ്ത്രീകളുടെ മത്സരത്തില്‍ നവഭാവന വഞ്ചിപ്പാട്ട് സംഘം ഒന്നാമതെത്തി. നെടുമുടി ബ്രദേഴ്‌സ് വഞ്ചിപ്പാട്ട് സംഘം രണ്ടാംസ്ഥാനം നേടി. മതും സെവന്‍സ്റ്റാര്‍ വഞ്ചിപ്പാട്ട് സംഘത്തിനാണ് മൂന്നാംസ്ഥാനം. പുരുഷന്‍മാരുടെ മത്സരത്തില്‍ കിടങ്ങറ വഞ്ചിപ്പാട്ട് സംഘം ഒന്നാംസ്ഥാനവും അമ്പലപ്പുഴ ശ്രീദുര്‍ഗ വഞ്ചിപ്പാട്ട് സംഘം രണ്ടാമതും തത്തംപള്ളി പയനിയര്‍ ആര്‍ട്ട്‌സ് ക്ലബ് മൂന്നാമതും എത്തി. സ്ത്രീകളുടെ വെച്ചുപാട്ട് വിഭാഗത്തില്‍ നവഭാവന വഞ്ചിപ്പാട്ട് സംഘം ഒന്നാമതെത്തി.
സെവന്‍ സ്റ്റാര്‍ വഞ്ചിപ്പാട്ട് സംഘം, ബ്രദേഴ്‌സ് വഞ്ചിപ്പാട്ട് സംഘം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. പുരുഷന്‍മാരുടെ വിഭാഗത്തില്‍ അമ്പലപ്പുഴ ശ്രീ ദുര്‍ഗ വഞ്ചിപ്പാട്ട് സംഘം ഒന്നാംസ്ഥാനവും തത്തംപള്ളി പയനിയര്‍ ഗ്രന്ഥശാല രണ്ടാംസ്ഥാനവും ചെമ്പകശേരി വഞ്ചിപ്പാട്ട് സംഘം മൂന്നാംസ്ഥാനവും നേടി.
ആറന്മുള ശൈലിയില്‍ ശ്രീ പാര്‍ത്ഥസാരഥി വഞ്ചിപ്പാട്ട് സംഘം ഒന്നാമതെത്തി. തത്തംപള്ളി ഫ്രണ്ട്‌സ് രണ്ടാമതും പാണ്ടനാട് ശ്രീ ഭദ്രാ വഞ്ചിപ്പാട്ട് സമിതി മൂന്നാമതും എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."