രാജ്യത്തെ ആദ്യ തേനീച്ച പാര്‍ക്ക് കൊച്ചാലുംമൂട്ടില്‍ ഒരുങ്ങുന്നു
മാവേലിക്കര: രാജ്യത്തെ ആദ്യ തേനീച്ച പാര്‍ക്ക് മാവേലിക്കര കൊച്ചാലും മൂട്ടില്‍ ഒരുങ്ങുന്നു. പഴം, പച്ചക്കറി സംരക്ഷണ വിതരണ രംഗത്ത് ഉല്‍പാദകരെയും ഉപഭോക്താക്കളേയും സംരക്ഷിക്കുക എന്ന ദൗത്യവുമായി പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തിലാണ് ആദ്യ തേനീച്ച പാര്‍ക്ക് മാവേലിക്കരയില്‍ ഒരുങ്ങതെന്ന് റീജ്യനല്‍ മാനേജര്‍ ബി. സുനില്‍ അറിയിച്ചു. നവീകരിച്ച തേനീച്ച വളര്‍ത്തല്‍ കേന്ദ്രത്തിന്റെയും, ആധുനിക തേന്‍ സംസ്‌ക്കരണ പ്ലാന്റിന്റേയും ഉദ്ഘാടനം നാളെ രാവിലെ 10.30ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.
തേനീച്ചകള്‍ക്ക് തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനാവശ്യമായ ചെടികളും വൃക്ഷങ്ങളും പാര്‍ക്കിന്റെ മുഖ്യ ആകര്‍ഷണമാണ്. തേനീച്ചകള്‍ക്ക് ഏറ്റവും കൂടുതല്‍ പൂമ്പൊടി ലഭ്യമാകുന്ന ചെടികളും, വൃക്ഷങ്ങളും പാര്‍ക്കിലുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷം രൂപയും, ഹോര്‍ട്ടി കോര്‍പ്പ് തേന്‍ വിറ്റതിന്റെ ലാഭ വിഹിതമായ 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇവിടെ നവീകരണ പ്രര്‍ത്തനങ്ങള്‍ നടത്തിയത്. സംസ്ഥാന കൃഷി വകുപ്പിന്റെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുക. 50 ടണ്‍ തേന്‍ സംസ്‌ക്കരിച്ച് വിതരണം ചെയ്യാനുള്ള യന്ത്രസംവിധാനമാണ് നവീകരണ പ്രക്രിയയിലൂടെ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഞാവല്‍, പേര, ഇലമ്പന്‍പുളി, ശീമനെല്ലിക്ക, ശീമക്കൊന്ന, തൊട്ടാവാടി, വേലിപ്പരുത്തി, കീഴാര്‍നെല്ലി, കറ്റാര്‍ വാഴ, ചീര, വേപ്പ് തുടങ്ങിയ ചെടികളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. പുതിയ സംസ്‌കരണ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ സര്‍ക്കാര്‍ സംവിധാനത്തിലെ ആദ്യത്തെ ആധുനിക തേന്‍ നിര്‍മാണ ശുദ്ധീകരണ വിപണനകേന്ദ്രമായി കൊച്ചാലും മൂട്ടിലെ തേനീച്ച വളര്‍ത്തല്‍ പരീശീലനകേന്ദ്രം മാറും.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള മൂവായിരത്തോളം കര്‍ഷകര്‍ ഇവിടെനിന്ന് പരിശീലനവും നേടിയിട്ടുണ്ട്. പരിശീലനം കിട്ടിയവര്‍ക്ക് 40 ശതമാനം സബ്‌സിഡിയോടു കൂടി തേനെടുപ്പ് യന്ത്രം, പുകയന്ത്രം തുടങ്ങി ആവശ്യമുള്ള ഉപകരണങ്ങളും നല്‍കുന്നുണ്ട്.
കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന തേന്‍ ശുദ്ധീകരിച്ച് പായ്ക്ക് ചെയ്ത് അമൃതഹണി എന്ന പേരില്‍ വിപണയിലെത്തിക്കുന്നതായും റീജ്യണല്‍ മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."