തളിക്കുളം പുനരിധിവാസ കോളനിയിലെ 27 കുടുംബങ്ങള്‍ ആശങ്കയില്‍
വാടാനപ്പള്ളി : നിര്‍ദ്ധനരും പട്ടികജാതിയില്‍പെട്ട കുടുംബങ്ങളും താമസിക്കുന്ന തളിക്കുളം കൈതക്കല്‍ പുനരധിവാസ കോളനിയിലെ നിരവധി കുടുംബങ്ങള്‍ ബി.പി.എല്‍ പട്ടികയില്‍ നിന്നും പുറത്ത്. നിത്യരോഗികളായ ഇവരില്‍ പലരും മരുന്ന് വാങ്ങാന്‍ പോലും പ്രയാസപ്പെടുന്നവരാണ്. നേരത്തെ ബി.പി.എല്‍ വിഭാഗത്തിന്റെ റേഷന്‍ കാര്‍ഡാണ് ഇവര്‍ക്ക് അനുവദിച്ച് നല്‍കിയിരുന്നത്. എന്നാല്‍ പരിഷ്‌ക്കരിച്ച സര്‍ക്കാരിന്റെ റേഷന്‍ കാര്‍ഡുകളിലാണ് ബി.പി.എല്‍ അര്‍ഹതയുണ്ടായിട്ടും ഈ കോളനിയിലെ 27 കുടുംബങ്ങളെ എ.പി.എല്‍ വിഭാഗക്കാരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ കോളനിയിലെ താമസക്കാരിയായ ചക്കാണ്ടന്‍ അമ്മിണിക്ക് കാഴ്ചയില്ലാത്തതിനാല്‍ പരസഹായമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് നാല് പെണ്‍മക്കളാണ്. എല്ലാവരും വിവാഹം കഴിഞ്ഞ് പോയതിനാല്‍ ഇവര്‍ ഒറ്റക്കാണ് താമസിക്കുന്നത്. പട്ടിക വിഭാഗത്തില്‍ പെട്ട വിഗലാംഗയായ അമ്മിണിക്കും എ.പി.എല്‍ കാര്‍ഡാണ് ലഭിച്ചത്. നിത്യരോഗിയായ ഈ വയോവൃദ്ധ മരുന്ന് വാങ്ങാന്‍ പോലും വഴിയില്ലാതെ പ്രയാസപ്പെടുമ്പോഴാണ് ഇവരേയും ബി.പി.എല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റ് ഭൂമിയിലാണ് ഇവര്‍ താമസിക്കുന്നത്. 350 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള സര്‍ക്കാര്‍ പണിത് നല്‍കിയ വീട്ടില്‍ താമസിക്കുന്ന ഇവരുടെ റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആയി പരിഗണിക്കണമെന്നഭ്യര്‍ത്ഥിച്ച് നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. അര്‍ബുദ രോഗിയും വിധവയുമായ വട്ടപ്പിള്ളി വിനോദിനിയേയും ബി.പി.എല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വാടാനപ്പള്ളി, പത്താംകല്ല്, തളിക്കുളം ഇടങ്ങളിലെ പുറംപോക്ക് സ്ഥലങ്ങളിലും മറ്റും താമസിച്ചിരുന്നവരും റോഡിന്റെ സൈഡില്‍ കുടില്‍ കെട്ടി താമസിച്ചിരുന്നവരേയും കൊണ്ടുവന്ന് സര്‍ക്കാര്‍ മൂന്ന് സെന്റ് ഭൂമി വീതം നല്‍കി ഇവിടെ പുനരധിവസിപ്പിച്ചതിനാലാണ് ഈ കോളനിക്ക് പുനരധിവാസ കോളനിയെന്ന പേര്‍ ലഭിച്ചത്. ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും പട്ടിക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണ്. ഇവിടെയുള്ള എല്ലാ വീടുകളും 350 സ്‌ക്വയര്‍ ഫീറ്റ് മാത്രമെ വിസ്തീര്‍ണ്ണമുള്ളു. എന്നാല്‍ പുതിയ റേഷന്‍ കാര്‍ഡില്‍ ഇവരുടെയെല്ലാം വീടിന്റെ വിസ്തീര്‍ണ്ണം ആയിരം സ്‌ക്വയര്‍ ഫീറ്റാണ്. ഇവിടത്തെ വീടുകളുടെ വലിപ്പം തെറ്റായ അളവില്‍ എങ്ങിനെയാണ് വന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് കോളനിയിലെ താമസക്കാര്‍ പറയുന്നു.
തനിച്ച് താമസിക്കുന്ന വിധവയായ കണക്കന്ത്ര തങ്കമണി, പുതിയ പുരക്കല്‍ അമ്മിണി, പെണ്ണാട്ട് ജാനകി, തൊഴുത്തുംപറമ്പില്‍ തങ്കമണി, മാടത്തിങ്കല്‍ ലീല രാഘവന്‍, കാട്ടുങ്ങല്‍ സൈനബ എന്നിവരെല്ലാം രേഖാമൂലം വിധവകളായിട്ടും പുതിയ റേഷന്‍ കാര്‍ഡുകളിലെല്ലാം ഇവര്‍ ബി.പി.എല്‍ പട്ടികയില്‍ നിന്നും പുറത്താണ്. കൂടാതെ ഇതേ കോളനിയിലെ തന്നെ കൊളങ്ങാട്ട് ചിത്ര, തൃപ്രയാറ്റ് സജിത, വിയത്ത് ലളിത, ചെമ്മാപ്പിള്ളി മോഹിനി, കോവിലകത്ത് ശകുന്തള, കരീപറമ്പില്‍ തങ്ക, അമ്പലത്ത് വാഹിദ, കൊച്ചത്ത് തങ്കമണി, മണ്ണാംപുറത്ത് സന്ധ്യാലക്ഷമി, ചെമ്മാപ്പുള്ളി മേരി വേണു, വെളുത്തേടത്ത് പ്രേമ, ചക്കാണ്ടന്‍ ഷീല, കരീപറമ്പില്‍ കോരന്‍, പച്ചാംബുള്ളി ഉഷ, ചിറ്റൂര് ബേബി, അറക്കപറമ്പില്‍ ഉഷ, വേലിയകത്ത് ശാന്ത, പൊറ്റേക്കാട്ട് ബിജു എന്നീ കുടുംബങ്ങളാണ് ബി.പി.എല്‍ പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആയിരുന്നതിനാല്‍ അരിയും മറ്റും സൗജന്യമായാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ എ.പി.എല്‍ വിഭാഗമായതോടെ സ്ഥിരമായി പണിപോലും ഇല്ലാത്ത തങ്ങളെങ്ങിനെയാണ് ഇനി റേഷന്‍ വാങ്ങുകയെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇതേ കോളനിയിലെ അവിലിശ്ശേരി ശാന്തക്ക് അനുവദിച്ച സമയത്ത് അപേക്ഷ നല്‍കാന്‍ കഴിയാത്തതിനാല്‍ റേഷന്‍കാര്‍ഡും ലഭിച്ചിട്ടില്ല. അസുഖബാധിതയായി ആശുപത്രിയില്‍ ആയിരുന്നതിനാലാണ് അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നതെന്നും അതിനാല്‍ പുതിയ റേഷന്‍കാര്‍ഡ് അനുവദിച്ച് തരണമെന്ന് അഭ്യര്‍ത്ഥിച്ച് ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ലന്ന് ശാന്ത പറഞ്ഞു. കോളനിയിലെ നിര്‍ദ്ധനരായ കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നിരവധി തവണ പഞ്ചായത്തിലും താലൂക്ക് ഓഫീസിലും പരാതി നല്‍കിയെങ്കിലും യാതൊരു പരിഹാരവും ഇത് വരെ ഉണ്ടായിട്ടില്ല. ആകെ 78 കുടുംബങ്ങളാണ് കോളനിയില്‍ താമസക്കാരായിട്ടുള്ളത്. തൊഴിലുറപ്പ് പണിക്കും മറ്റും പോയാണ് ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ തൊഴിലുറപ്പ് പണിയും ഇല്ലാതായതോടെ ഇവരുടെ കുടുംബങ്ങള്‍ നിത്യ ചിലവിന് പോലും വഴിയില്ലാതെ പ്രയാസപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."