കെ.പി.എം.എസ് സംസ്ഥാന സമ്മേളനം 12 മുതല്‍ തൃശൂരില്‍
തൃശൂര്‍: കേരള പുലയര്‍ മഹാസഭ 46ാം സംസ്ഥാന സമ്മേളനം 12 മുതല്‍ 15 വരെ തൃശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12ന് വൈകിട്ട് നാലിന് ശക്തന്‍ സ്റ്റാന്‍ഡില്‍ ിന്നും ആരംഭിക്കുന്ന രണ്ടുലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രകടനത്തോടെ സമ്മേളനത്തിനു തുടക്കമാകും. ആറിന് തേക്കിന്‍കാട് മൈതാനിയില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അധ്യക്ഷനാകും.
മന്ത്രി വി.എസ് സുനില്‍കുമാര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. എം.പിമാരായ സി.എന്‍ ജയദേവന്‍, കൊടിക്കുന്നില്‍ സുരേഷ്, മേയര്‍ അജിത ജയരാജന്‍ സംസാരിക്കും. രാത്രി 8.30ന് 12 സംസ്ഥാനങ്ങളിലെ 150ല്‍പ്പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന സര്‍ഗോത്സവത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. 13ന് രാവിലെ 10ന് ജവഹര്‍ കണ്‍വന്‍ഷന്‍ സെന്ററിലെ പി.കെ ചാത്തന്‍ മാസ്റ്റര്‍ നഗറില്‍ പ്രതിനിധി സമ്മേളനം പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 4.30ന് തേക്കിന്‍കാട് മൈതാനിയിലെ സഹോദരന്‍ അയ്യപ്പന്‍ നഗറില്‍ മിശ്രഭോജന ശതാബ്ദി ആഘോഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഡോ.ടി.വി സുരേഷ് കുമാര്‍ അധ്യക്ഷനാകും. പ്രഫ. എം.കെ സാനു ശതാബ്ദി സന്ദേശം നല്‍കും. ഡോ. കെ.എസ് രാധാകൃഷ്ണന്‍, ഡോ.പി.എ ഫസല്‍ ഗഫൂര്‍, അഡ്വ.സി.കെ വിദ്യാസാഗര്‍ സംസാരിക്കും. തുടര്‍ന്ന് രാത്രി 7.30ന് കലാസന്ധ്യ. 14ന് വൈകിട്ട് 4.30ന് ' ഭൂപരിഷ്‌കരണം തളര്‍ച്ചയും തുടര്‍ച്ചയും' വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. രാജേഷ് കോമത്ത് അധ്യക്ഷനാകും. സി.പി ജോണ്‍, സി.ആര്‍ നീലകണ്ഠന്‍, കെ.എം സലിംകുമാര്‍ സംസാരിക്കും. 15ന് രാവിലെ ഒമ്പതിന് ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം നടത്തും. തുടര്‍ന്ന് 11ന് ജവഹര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ 'ദേശീയത, ഒരു സ്വതന്ത്ര വിചാരം' വിഷയത്തില്‍ സെമിനാര്‍ നടക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. സണ്ണി എം. കപിക്കാട് അധ്യക്ഷത വഹിക്കും. പി.കെ ബിജു എം.പി, ബിനോയ് വിശ്വം, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, കെ.കെ ബാബുരാജ് സംസാരിക്കും. വൈകിട്ട് നാലിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള കൊടിമരം ചേരാനെല്ലൂരിലെ പണ്ഡിറ്റ് കറുപ്പന്റെ സ്മൃതിമണ്ഡപത്തില്‍നിന്നും പതാക ചെറായിയിലെ സഹോദരന്‍ അയ്യപ്പന്റെ സ്മാരകത്തില്‍നിന്നും ദീപശിഖ മാപ്രാണത്തെ പി.കെ ചാത്തന്‍ മാസ്റ്ററുടെ സ്മൃതിമണ്ഡപത്തില്‍നിന്നും സമ്മേളനനഗരിയില്‍ എത്തിച്ചേരും. 12ന് ഉച്ചകഴിഞ്ഞ് 2.30ന് സ്വീകരണം നല്‍കും. മൂന്നു ദിവസം നീളുന്ന സമ്മേളനം പട്ടികവിഭാഗങ്ങളുടെ പുരോഗതിക്കാവശ്യമായ നയങ്ങളും പരിപാടികളും ആസൂത്രണം ചെയ്യും. സമ്മേളനത്തില്‍ 940 പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പുന്നല ശ്രീകുമാര്‍, പ്രസിഡന്റ് പി. ജനാര്‍ദനന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.എ അജയഘോഷ്, എന്‍.കെ രമേശന്‍, കെ.എ രമേശന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."