മധു തെളിച്ചത്തോടെ കണ്ടു: ആ നന്മ നിറഞ്ഞ മുഖങ്ങള്‍
ചെറുവത്തൂര്‍: ഇരുള്‍ നിറഞ്ഞു തുടങ്ങിയ കണ്ണിലെ പുതിയ വെളിച്ചത്തില്‍ മധു ആ നന്മമുഖങ്ങള്‍ കണ്ടു. ചെറുവത്തൂര്‍ കൊവ്വലിലെ വാടക വീട്ടില്‍ താമസിക്കുന്ന മധുവിനു കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും മുന്‍കൈ എടുത്താണു കാഴ്ചശക്തി തിരിച്ചു കിട്ടാനുള്ള ഓപറേഷന്‍ നടത്തിക്കൊടുത്തത്. ഇന്നലെയാണ് മംഗളൂരു ആശുപത്രിയില്‍ നിന്നു മധു തന്റെ വാടക വീട്ടിലെത്തിയത്. ഇദ്ദേഹത്തെ കാണണമെന്നു കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ കുട്ടികളെയും കൂട്ടി എത്തുകയായിരുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ചികിത്സ നടത്താന്‍ സാധിക്കാത്തതിനാല്‍ മധുവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. അസുഖം രണ്ടാമത്തെ കണ്ണിലേക്കും ബാധിച്ചു രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും കുറയുകയായിരുന്നു.
കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണു മധുവിന്റെ രണ്ടു മക്കളും പഠിക്കുന്നത്. ഗൃഹസന്ദര്‍ശനത്തിനിടെയാണ് രോഗത്തെ കുറിച്ച് അധ്യാപകര്‍ അറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ കുട്ടികളുടെ കൂടി സഹകരണത്തോടെ ചികിത്സയ്ക്കാവശ്യമായ 1,25000 ത്തോളം രൂപ സമാഹരിച്ചു നല്‍കിയിരുന്നു. ഇതു 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കാനും സുമനസുകള്‍ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."