സിറിയയില്‍നിന്ന് യു.എസ് സൈന്യം പിന്‍വാങ്ങുന്നു
വാഷിങ്ടണ്‍: സിറിയയില്‍നിന്ന് യു.എസ് സൈന്യം പൂര്‍ണമായും പിന്‍വാങ്ങുന്നു. യു.എസ് പ്രതിരോധ അധികൃതരെ ഉദ്ധരിച്ച് സി.ബി.എസ് ഉള്‍പ്പെടെയുള്ള യു.എസ് മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈനിക പിന്‍വാങ്ങലിനായുള്ള ഉത്തരവ് വൈറ്റ് ഹൗസ് നല്‍കിയെന്നും ഇതിനായുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിറിയയില്‍ സൈനിക സാന്നിധ്യത്തിനുള്ള ഏക കാരണം ഐ.എസ് ആണെന്നും എന്നാല്‍ അവരെ പരാജയപ്പെടുത്തിയെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ ട്വീറ്റ് ചെയ്തു. എന്നാല്‍ സൈനിക പിന്‍മാറ്റം സംബന്ധിച്ചുവ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.
സിറിയയില്‍നിന്നുള്ള സൈനിക പിന്‍മാറ്റത്തിന് ട്രംപ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സാധ്യമാകുന്ന രീതിയില്‍ ഉടന്‍ സിറിയയില്‍നിന്ന് പിന്‍വാങ്ങുമെന്ന് ട്രംപ് മാര്‍ച്ചില്‍ ട്വീറ്റ് ചെയ്തിരുന്നു.
കുര്‍ദിഷ് സൈന്യവും സിറിയന്‍ ഡെമോക്രാറ്റ് ഫോഴ്‌സും ചേര്‍ന്നുള്ള സഖ്യത്തെ സഹായിക്കാന്‍ 2,000 സൈനികരെയാണ് യു.എസ് സിറിയയിലേക്ക് അയച്ചത്. എന്നാല്‍ ഐ.എസ് സാന്നിധ്യം സിറിയയില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ആരും പറയുന്നില്ലെന്നും ഇവിടത്തെ സുസ്ഥിര പ്രവൃത്തികള്‍ക്കായി സൈന്യം തുടരുമെന്നും യു.എസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ബ്രറ്റ് മഗുര്‍ക്ക് ദിവസങ്ങള്‍ക്കു മുന്‍പ് പറഞ്ഞിരുന്നു.
സൈനിക പിന്‍മാറ്റം സംബന്ധിച്ചു പ്രതികരിക്കാന്‍ പെന്റഗണ്‍ തയാറായിട്ടില്ല.
അതിനിടെ വിമതരായ കുര്‍ദുകളെ സഹായിക്കുന്ന യു.എസ് നടപടിക്കെതിരേ തുര്‍ക്കി രംഗത്തെത്തിയിരുന്നു.
കുര്‍ദുകള്‍ക്കെതിരേ പുതിയ സൈനിക നീക്കം സിറിയയില്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു.എസിന്റെ സൈനിക പിന്‍മാറ്റം ശരിയാണെങ്കില്‍ തുര്‍ക്കിയുടെ നീക്കങ്ങള്‍ക്ക് അനുകൂലമായ പ്രതികരണമായി ഇതുമാറും. സ്വയംഭരണത്തിനുള്ള നീക്കം കുര്‍ദുകള്‍ രാജ്യത്തു ശക്തമാക്കുമെന്നും അതിനാല്‍ ഇവരെ അടിച്ചമര്‍ത്തല്‍ അനിവാര്യമാണെന്നുമാണ് തുര്‍ക്കിയുടെ നിലപാട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."