മെഡിക്കല്‍ കോളജ്; അത്യാഹിത വിഭാഗം അത്യാസന്ന നിലയില്‍
ഓക്‌സിജന്‍ മാസ്‌ക്, യൂറോ ബാഗ്, ഐവി സെറ്റ് സ്റ്റോക്ക് തീര്‍ന്നു
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം അത്യാസന്ന നിലയില്‍. അത്യാഹിത വിഭാഗത്തില്‍ അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ഉപയോഗിക്കേണ്ട അത്യാവശ്യ ഉപകരണങ്ങള്‍ പോലും ഇവിടെയില്ല. ശ്വാസതടസവുമായി എത്തുന്ന രോഗിക്ക് നല്‍കേണ്ട ഓക്‌സിജന്‍ മാസ്‌ക്, യൂറോ ബാഗ്, കഫക്കെട്ടിന് ആവി പിടിപ്പിക്കുന്ന മാസ്‌ക് എന്നിവ തീര്‍ന്നിട്ട് ദിവസങ്ങളായി. അത്യാഹിത വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗമുള്ള ഐവി സെറ്റ് കൂടി കഴിഞ്ഞദിവസം തീര്‍ന്നതോടെ കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. അപകടങ്ങളില്‍പെട്ട് രക്തം വാര്‍ന്ന് അവശനായെത്തുന്ന രോഗിക്ക് അടിയന്തരമായി ഗ്ലൂക്കോസ് കയറ്റണമെങ്കില്‍ ഐവി സെറ്റിനായി രോഗിയോടൊപ്പം വന്നവര്‍ പുറത്തേക്കോടേണ്ട അവസ്ഥയാണിപ്പോള്‍. എവി സെറ്റും യൂറോ ബാഗും തുടങ്ങി രോഗിക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ പുറത്തുനിന്ന് വാങ്ങിക്കാന്‍ എഴുതിത്തയാറാക്കിയ സ്ലിപ്പ് എടുത്ത് കൊടുക്കുകയാണിപ്പോള്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നത്. പണം കൈയില്‍ കരുതാതെ രോഗിയോടൊപ്പം ആശുപത്രിയില്‍ എത്തുന്നവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനു മുന്നില്‍ പരുങ്ങുന്നത് പതിവു കാഴ്ചയാണ്.
അത്യാവശ്യ ഉപകരണങ്ങള്‍ തീര്‍ന്ന് ദിവസങ്ങളായിട്ടും അധികൃതര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഉപകരണങ്ങളും മരുന്നുകളും സര്‍ക്കാരില്‍ നിന്ന് പലപ്പോഴും ലഭിക്കാറില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ ലോക്കല്‍ പര്‍ച്ചേഴ്‌സിങ് മാത്രമാണ് ആശ്വാസമെന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ലോക്കല്‍ പര്‍ച്ചേഴ്‌സിങ്ങിലൂടെയും ഇപ്പോള്‍ ആവശ്യത്തിന് മരുന്നോ ഉപകരണങ്ങളോ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
അത്യാഹിത വിഭാഗത്തിലേക്കാവശ്യമായ ഉപകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അപാകതയാണു പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ലേ സെക്രട്ടറി അടക്കമുള്ള ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരിക്കേണ്ട ഉപകരണങ്ങള്‍ ദിവസങ്ങളായി രോഗികളെക്കൊണ്ട് പുറത്തുനിന്ന് വാങ്ങിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും എന്തു നടപടിയെടുത്തു എന്ന ചോദ്യത്തിന് ഇവര്‍ക്ക് മറുപടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."