സാഫല്യം നേടിയ പ്രാര്‍ഥനപോലെ ഒരു ജീവിതം
ജീവിതം മുഴുക്കെ പ്രാര്‍ഥനാനിര്‍ഭരമായ ചുവടുകളോടെ കാലത്തിനപ്പുറത്തേക്ക് നടന്നുപോയ മഹാമനീഷിയായിരുന്നു കഴിഞ്ഞ ദിവസം ഇഹലോകവാസം വെടിഞ്ഞ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. നടപ്പിലും ഉടുപ്പിലും ആ ജീവതാളം ലാളിത്യത്തിന്റെ നിറകതിരായി പ്രഭ പൊഴിച്ചുനിന്നു. ആത്മീയതയുടെ പൊരുള്‍ തേടിയലഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കരുണാര്‍ദ്രമായ നോട്ടം കൊണ്ടും സൗമ്യസുന്ദരമായ വാക്കുകള്‍കൊണ്ടും അദ്ദേഹം അനുചരര്‍ക്ക് ആശ്വാസം പകര്‍ന്നു. അഭിനിവേശവും ആവേശത്തിരമാലകളും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തെ തന്റെ ശുഷ്‌കിച്ച കൈവിരലുകളാല്‍ ആ ധര്‍മതേജസ്സിന് അകറ്റിനിര്‍ത്താന്‍ കഴിഞ്ഞത് അല്ലാഹുവിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസവും തിരുനബിയോടുള്ള സ്‌നേഹവും കാരണമായിരുന്നു. ആഡംബരങ്ങളുടെ പളപളപ്പുകള്‍ ആ കണ്ണുകളെ പുളകിതമാക്കിയില്ല. ഭൂമിയില്‍ നീയൊരു യാത്രക്കാരനാവുക എന്ന അലംഘനീയ നിയമത്തെ നെഞ്ചോടു ചേര്‍ത്തു മരണംവരെ.
മൂന്നു പതിറ്റാണ്ടിലധികം യു.എ.ഇയില്‍ കഴിഞ്ഞിട്ടും പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പളപളപ്പ് അദ്ദേഹത്തെ ചഞ്ചലനാക്കിയില്ല. സാത്വികവിശുദ്ധിക്കൊരു പര്യായമുണ്ടെങ്കില്‍ അതായിരുന്നു അത്തിപ്പറ്റ ഉസ്താദ്. വാക്കുകള്‍കൊണ്ടു മായാജാലം തീര്‍ത്തു ജനങ്ങളെ മാസ്മരിക വലയത്തില്‍പെടുത്തുന്ന വിദ്യ അദ്ദേഹത്തിന് അജ്ഞാതമായിരുന്നു. കൊച്ചുകുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത സദാസമയവും ആ വാക്കുകളില്‍ നിറഞ്ഞുനിന്നു. കനലുകളും മുള്‍പാതകളും നിറഞ്ഞതായിരിക്കാം ഒരു വിശ്വാസിയുടെ കര്‍മവീഥി എന്നു ജീവിതംകൊണ്ട് അദ്ദേഹം തെളിയിച്ചു. കനലുകളില്‍ ചവിട്ടി മരവിച്ച കാല്‍പാദങ്ങള്‍ നടന്നുനീങ്ങിയത് അനശ്വരമായ ഒരു ലോകത്തേക്കായിരിക്കട്ടെ. പ്രസംഗിക്കാനറിയാത്ത, പ്രവര്‍ത്തിക്കാന്‍ മാത്രമറിഞ്ഞ ജ്ഞാനപ്രതിഭയ്ക്ക് ആരോടും പരിഭവവും പരാതിയും ഉണ്ടായിരുന്നില്ല. കിട്ടിയതെല്ലാം വീതിച്ചു നല്‍കിയ ഉദാരമനസ്‌കന്‍.
1936 സെപ്റ്റംബര്‍ 18ന് വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് അച്ചിപ്രയില്‍ ജനിച്ച ഉസ്താദിന് അറിയില്ലായിരുന്നു കാലം തനിക്കായി കാത്തുവച്ചിരിക്കുന്നത് ദീനിന്റെ അനന്തമായ വഴിദൂരങ്ങള്‍ താണ്ടാനാണെന്ന്. ഭൗതികതയുടെ അതിപ്രസരത്താല്‍ മണിക്കൂറുകള്‍ ദേഹപൂജ ചെയ്യുന്നവര്‍ക്കറിയില്ല ആ ജീവിതം സമയത്തിന് നല്‍കിയ മൂല്യം. മനുഷ്യജീവിതത്തിന് കുറച്ചുസമയം മാത്രമേ ഉള്ളൂവെന്നും അത് അല്ലാഹുവിനെ തേടാനുള്ളതാണെന്നും അദ്ദേഹം ജീവിതത്തിലൂടെ തെളിയിച്ചു. പ്രസംഗിക്കാതെ സ്വന്തം ജീവിതരേഖകൊണ്ടാണ് അദ്ദേഹം ഇതെല്ലാം വ്യക്തമാക്കിയത്.
സുകൃതങ്ങളുടെ നിറവായിരിക്കുക എന്നതായിരിക്കണം ഓരോ മുസ്‌ലിമിന്റെയും ജീവിതമെന്ന് അവസാന ശ്വാസം അകത്തേക്കെടുക്കുംവരെ അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തി. അറേബ്യന്‍ ജനപഥങ്ങളിലൂടെ കേരളത്തിലെ വിവിധയിടങ്ങളിലൂടെ, ആന്‍ഡമാന്‍, ലക്ഷദ്വീപ് സമൂഹങ്ങളിലൂടെ ദീനിന്റെ പ്രകാശഗോപുരമായി അദ്ദേഹം സഞ്ചരിച്ചു.
ജീവിതത്തിലുടനീളം സൂക്ഷ്മത പാലിക്കുക എന്ന സര്‍വലോക നാഥന്റെ കല്‍പന അന്ത്യനിമിഷംവരെ അദ്ദേഹം പാലിച്ചു. കാലം കവര്‍ന്നെടുത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും തന്റെ ജീവിതംകൊണ്ട് അദ്ദേഹം തിരികെപിടിച്ചു. വേറിട്ടു ഭക്ഷണം കഴിക്കുന്ന ശീലത്തെ എല്ലാവരെയും ഒപ്പം വട്ടത്തില്‍ ഇരുത്തി ഭക്ഷണം കഴിച്ചുകൊണ്ട് അദ്ദേഹം തിരുത്തി. വാക്കുകള്‍കൊണ്ട് പ്രയോഗിക്കാത്ത ഈ സ്വഭാവവിശേഷം പതിയെ പതിയെ നാട്ടുകാരിലേക്കും സന്നിവേശിച്ചു. വീട്ടില്‍ അതിഥികളെ സ്വീകരിക്കാന്‍ അദ്ദേഹം തടുക്ക് പായ ഉപയോഗിച്ചു. അതിഥികള്‍ക്കൊപ്പം അദ്ദേഹവും ആ തടുക്ക് പായയില്‍ ഇരുന്ന് അവരോട് ആര്‍ദ്രമായ സ്വരത്തില്‍ സംസാരിച്ചു. സിംഹാസനങ്ങള്‍ പോലുള്ള ഫര്‍ണിച്ചറുകള്‍ തോറ്റുപോകുന്ന ഇരിപ്പിടമായിതീര്‍ന്നു ആ തടുക്ക് പായകള്‍. സ്‌നേഹമസൃണമായ ആ വാക്കുകള്‍ക്ക് മുന്‍പില്‍ നിശ്ശബ്ദം കരഞ്ഞവര്‍ എത്രയെത്ര. തടുക്ക് പായയില്‍നിന്ന് ഉസ്താദിന്റെ കൈകള്‍ ചുംബിച്ചുകൊണ്ട് എഴുന്നേല്‍ക്കുമ്പോള്‍ അവരുടെ അകതാരില്‍ സ്‌നേഹസൗഭ്രാത്രത്തിന്റെ, സഹവര്‍ത്തിത്വത്തിന്റെ, കാരുണ്യത്തിന്റെ തേന്‍കുടം നിറഞ്ഞിരിക്കാം. അവരുടെ ഹൃദയങ്ങള്‍ ഉസ്താദിനോടുള്ള ആദരവിനാല്‍, പ്രാര്‍ത്ഥനയാല്‍ കൂമ്പിപ്പോയിരിക്കാം. പരസ്പര സ്‌നേഹത്തിന്റെ ഇഴയടുപ്പവും ഇസ്‌ലാമിക സംസ്‌കാരവും സ്വന്തം ജീവിതത്തിലൂടെയാണ് അദ്ദേഹം പകര്‍ന്നു നല്‍കിയത്.
അല്ലാഹുവിന്റെ റസൂലിന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് നബി പത്‌നി ആഇശ(റ)യോട് അനുചരന്മാര്‍ ചോദിച്ചപ്പോള്‍ ഖുര്‍ആന്‍ തന്നെയായിരുന്നു നബിയുടെ ജീവിതമെന്നായിരുന്നുവല്ലോ മറുപടി. പരിശുദ്ധ ഖുര്‍ആന്‍ തന്നെയായിരുന്നു അത്തിപ്പറ്റ ഉസ്താദിന്റെ ജീവിതവും. ആഡംബരങ്ങള്‍ക്കും ധനമോഹങ്ങള്‍ക്കും ഇടയില്‍ ദരിദ്രനായി ജീവിച്ച ഖലീഫ ഉമറുബ്‌നുല്‍ അബ്ദുല്‍അസീസിനെ ഓര്‍മിപ്പിക്കുന്നു ഉസ്താദിന്റെ ജീവിതവും. ബാങ്ക് വിളി കേള്‍ക്കുന്ന മാത്രയില്‍ അദ്ദേഹം നിസ്‌കാരത്തിലേക്ക് തിടുക്കപ്പെട്ടു. നാട്ടിലെ ജനങ്ങളും അദ്ദേഹത്തെ പിന്തുടര്‍ന്നു. ആത്മീയതയുടെ പൂക്കാലമായിരുന്നു അദ്ദേഹത്തിന്റെ ദീന്‍ സദസ്സുകള്‍. പുണ്യ പുരുഷന്മാരുടെ മഖ്ബറകളിലൂടെയും ഖുര്‍ആന്‍ പരാമര്‍ശിച്ച പുണ്യസ്ഥലങ്ങളിലൂടെയും ഒരവധൂതനെപ്പോലെ അദ്ദേഹം സഞ്ചരിച്ചു. ഒടുവില്‍ ഇഹപരലോക സ്രഷ്ടാവായ അല്ലാഹുവിന്റെ വിളിക്ക് ഉത്തരമേകി അദ്ദേഹം അല്ലാഹുവിലേക്ക് മടങ്ങിയിരിക്കുന്നു.
സുപ്രഭാതത്തിന്റെ വഴികാട്ടിയും മാര്‍ഗദര്‍ശിയുമായിരുന്നു അത്തിപ്പറ്റ ഉസ്താദ്. വിളക്കുമരമായി സുപ്രഭാതത്തിന്റെ വളര്‍ച്ചയുടെ വഴിത്താരയില്‍ അദ്ദേഹം പ്രശോഭിച്ചു. അക്ഷരാര്‍ഥത്തില്‍തന്നെ ഞങ്ങളുടെ രക്ഷാധികാരിയായിരുന്നു അദ്ദേഹം. കാരുണ്യവാനായ രക്ഷിതാവ് അദ്ദേഹത്തിന് പാപമോചനവും കരുണയും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഞങ്ങളുടെ കണ്ണീരുമ്മ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."