പെരിന്തല്‍മണ്ണയില്‍ ഒന്നരക്കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി
പെരിന്തല്‍മണ്ണ : ഒന്നരക്കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായി മൂന്നംഗ സംഘത്തെയാണ് പൊലിസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ആഡംബര കാറും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായി മൂന്നംഗ സംഘം രണ്ട് കാറുകളിലായി വളാഞ്ചേരി ഭാഗത്ത് നിന്നു പെരിന്തല്‍മണ്ണ ഭാഗത്തേക്ക് ഇടപാട് നടത്തുന്നതിനായി കടക്കുന്നതായി ജില്ലാ പൊലിസ് മേധാവി ദേബേശ് കുമാര്‍ ബെഹ്‌റക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, സി.ഐ ബിനു, എസ്.ഐ വി.കെ കമറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ വാഹന പരിശോധനയിലാണ് പെരിന്തല്‍മണ്ണ മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നു 15,10,7000 രൂപയുമായി പ്രതികള്‍ പിടിയിലായത്. എടയൂര്‍ അത്തിപ്പറ്റ സ്വദേശി മുട്ടിക്കല്‍ വീട്ടില്‍ സിറാജുദ്ദീന്‍ (39), വെങ്ങാട് വാതുകാട്ടില്‍ അബ്ബാസ് (37), തിരുവനന്തപുരം കവടിയാര്‍ സ്വദേശി റെയിന്‍ബോ വീട്ടില്‍ ശംസുദ്ദീന്‍ (60) എന്നിവരെയാണ് നിരോധിത നോട്ടുകളുമായി പിടികൂടിയത്.
നിരോധിത നോട്ടുകളുടെ ശേഖരം റിസര്‍വ് ബാങ്കില്‍ തിരിച്ചടക്കാനുള്ള അനുമതിയുടെ മറവില്‍ വ്യാപകമായി കൈമാറ്റം നടത്തുന്നതിന് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ പൊലിസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം മഫ്തിയിലെത്തി ഇടനിലക്കാരായി പ്രവര്‍ത്തിച്ചാണ് അതിവിദഗ്ധമായി പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."