യു.എസിനെതിരേ ആക്രമണ പദ്ധതി വെളിപ്പെടുത്തി ഉ.കൊറിയ
പ്യോങ്്‌യാങ്: അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഉത്തര കൊറിയയെ തീകൊണ്ട് അഭിഷേകം ചെയ്യുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ഉത്തര കൊറിയയുടെ മറുപടി. ഭീഷണി അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കി. ഇതാദ്യമായാണ് ഉത്തര കൊറിയ അമേരിക്കക്കെതിരേ എങ്ങനെ ആക്രമിക്കുമെന്ന് വ്യക്തമാക്കുന്നത്. മധ്യദൂര ഹ്വസോങ്-12 മിസൈല്‍ പ്രയോഗിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി.
ഗുവാമിനെ ആക്രമിക്കാനുള്ള തയാറെടുപ്പുകളിലാണ് തങ്ങളെന്നും ഉത്തര കൊറിയ വ്യക്തമാക്കി. സംഘര്‍ഷ സാധ്യത വര്‍ധിച്ചതോടെ ആഗോള സാമ്പത്തിക രംഗത്തും ഇതിന്റെ ചലനം അനുഭവപ്പെട്ടു. കിം ജോങ് ഉന്‍ ഉത്തരവിട്ടാല്‍ ഏതുനിമിഷവും ആക്രമണത്തിന് സജ്ജമാണെന്ന് കൊറിയന്‍ പീപ്പിള്‍സ് ആര്‍മി (കെ.പി.എ) വക്താവ് പറഞ്ഞു. ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എയാണ് വാര്‍ത്ത പുറത്തുവിട്ടത്.
മറ്റൊരു പ്രസ്താവനയില്‍ അമേരിക്കക്ക് യുദ്ധക്കൊതിയാണെന്നും യുദ്ധം ഒഴിവാക്കാനുള്ള മാര്‍ഗത്തെ കുറിച്ച് അവര്‍ ചിന്തിക്കുന്നുപോലുമില്ലെന്നും കൊറിയന്‍ സൈനിക വക്താവ് പറയുന്നു. രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്‍ ആക്രമണം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് കൊറിയന്‍ വാര്‍ത്താ ഏജന്‍സി പറയുന്നത്.
യു.എസ് ഏതുതരത്തിലുള്ള പ്രകോപനം നടത്തിയാലും കനത്ത തിരിച്ചടി നല്‍കുമെന്ന് ഉത്തര കൊറിയന്‍ സൈന്യം അറിയിച്ചു. അമേരിക്കന്‍ മണ്ണില്‍ നേരിട്ട് ആക്രമണം നടത്താനുള്ള ശേഷിയും തങ്ങള്‍ക്കുണ്ട്. അമേരിക്ക ആക്രമണത്തിന് തയാറെടുക്കുകയാണ്. ഇതുണ്ടായാല്‍ അമേരിക്കയ്‌ക്കെതിരേ സര്‍വശക്തിയും ഉപയോഗിച്ച് യുദ്ധം ചെയ്യുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പുനല്‍കി.
മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീതിനോടാണ് ഉത്തരകൊറിയയുടെ പ്രതികരണം.
ഉത്തരകൊറിയ യുദ്ധഭീഷണിയും ആയുധപരീക്ഷണങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണം നേരിടേണ്ടിവരുമെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. ന്യൂജേഴ്‌സിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കവെയാണ് ട്രംപ് ഉത്തര കൊറിയക്കെതിരേ തുറന്നടിച്ചത്. അമേരിക്കയിലേക്ക് നേരിട്ട് ആക്രമണം നടത്താനുള്ള ശേഷി ഉത്തര കൊറിയ അതിവേഗം കൈവരിക്കുകയാണെന്നും മിസൈലില്‍ തൊടുത്തുവിടാന്‍ കഴിയുന്ന ആണവായുധം ഉ.കൊറിയ വികസിപ്പിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനു മറുപടിയായാണ് ട്രംപിന്റെ പ്രസ്താവന. വിലക്ക് ലംഘിച്ച് മിസൈല്‍ പരീക്ഷണം നടത്തിയതിന് ഉത്തര കൊറിയക്കെതിരേ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നിര്‍ത്തണമെന്ന് ഉപരോധത്തെ പിന്താങ്ങി ചൈനയും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."