ദേശീയപാത 766; സംയുക്ത പരിശോധന ആരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത നവീകരണ പ്രവൃത്തി തടഞ്ഞ വനംവകുപ്പിന്റെ നടപടിയുമായി ബന്ധപെട്ട് പ്രശ്‌നപരിഹാരത്തിനായുള്ള സംയുക്ത സര്‍വേ ആരംഭിച്ചു. റവന്യൂ-വനംവകുപ്പുകളും ദേശീയപാത പൊതുമരാമത്ത് വകുപ്പുമാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്. ദേശീയപാത 766ല്‍ മൂലങ്കാവ് മുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ള വരെയുള്ള 16.5 കിലോമീറ്റര്‍ ദൂരത്തിലാണ് സംയുക്ത സര്‍വേ നടത്തുന്നത്.
വനംവകുപ്പ് പരിഗണിക്കുന്ന 1939ലെയും ദേശീയപാത പൊതുമരാമത്ത് വിഭാഗം പരിഗണിക്കുന്ന 1994ലെ സര്‍വേ രേഖകളും അടിസ്ഥാനമാക്കിയാണ് സംയുക്ത സര്‍വേ. വന്യജീവിസങ്കേത അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ വീതികൂട്ടി എടുക്കുന്ന ഭാഗം വനത്തില്‍ ഉള്‍പ്പെട്ടതാണെന്ന കാരണം പറഞ്ഞ് ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് വനംവകുപ്പ് പ്രവൃത്തി തടഞ്ഞത്.
ഇതിനെതിരേ പ്രതിഷേധവും ശക്തമായിരുന്നു. പ്രശ്‌നപരിഹാരത്തിന് കലക്ടര്‍-എം.എല്‍.എ തലങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇതില്‍ നിര്‍ദേശിച്ച പ്രകാരമാണ് ഇപ്പോള്‍ സംയുക്ത സര്‍വേ നടക്കുന്നത്. വനംവകുപ്പ് മിനിഫോറസ്റ്റ് സര്‍വേ വിഭാഗവും ജില്ലാ സൂപ്രണ്ട് ഓഫ് സര്‍വേയറുടെ നിര്‍ദേശ പ്രകാരം എടുത്ത എല്ലാ രേഖകളും ഭൂമിയും പരിശോധിച്ച് പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഭൂമി സംബന്ധിച്ചുള്ള ഇരുവിഭാഗത്തിന്റെയും തര്‍ക്കം പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയൂ.
അതിനായി സംയുക്ത സര്‍വേ പ്രവൃത്തികള്‍ പൂര്‍ത്തിയാകണമെങ്കില്‍ പത്ത് ദിവസമെങ്കിലും എടുക്കുമെന്ന് മിനി ഫോറസ്റ്റ് സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. സംയുക്തമായ പരിശോധനയിലൂടെ ഇപ്പോഴുള്ള തര്‍ക്കം തീര്‍ന്ന് ദേശീയപാത നവീകരണം എത്രയും പെട്ടന്ന് നടക്കുമെന്നുള്ള പ്രതീക്ഷയാണുള്ളത്.
മിനിഫോറസ്റ്റ് സര്‍വേ സൂപ്രണ്ട് ബിജു, ജില്ലാ സര്‍വേ സൂപ്രണ്ട് എസ്. സുനില്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍, ദേശീയപാത പൊതുമരാമത്ത് വിഭാഗം ഓവര്‍സിയര്‍ എന്‍. സലീം, റെയ്ഞ്ച് ഓഫിസര്‍മാരായ അജയ് ഘോഷ്, രമ്യ, താലൂക്ക് സര്‍വേയര്‍മാരായ യോഹന്നാന്‍, സതീഷ് പി. ചെറിയാന്‍, ജോബി തുടങ്ങിയവരാണ് സര്‍വേക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."