മിക്‌സഡ് ഡബിള്‍ ട്രാപില്‍ ഇന്ത്യക്ക് വെങ്കലം
അസ്താന (കസാഖിസ്ഥാന്‍): ഏഷ്യന്‍ ഷോട്ഗണ്‍ ചാംപ്യന്‍ഷിപ്പിലെ മിക്‌സഡ് ടീം ട്രാപ് ഷൂട്ടിങ് പോരാട്ടത്തില്‍ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ കിനന്‍ ചെനായ്- ശ്രേയസി സിങ് സഖ്യമാണ് വെങ്കലം സ്വന്തമാക്കിയത്. കിനന്‍ നേരത്തെ പുരുഷ വിഭാഗം ട്രാപിന്റെ വ്യക്തിഗത പോരാട്ടത്തിലും വെങ്കലം സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ കിനന്റെ നേട്ടം ഇതോടെ രണ്ട് വെങ്കലമായി ഉയര്‍ന്നു. ലബാനാന്‍ സഖ്യത്തിനെതിരേ 40-38 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം വിജയം പിടിച്ചത്. ഈയിനത്തില്‍ കുവൈത്ത് സ്വര്‍ണവും കൊറിയ വെള്ളിയും നേടി. ടൂര്‍ണമെന്റില്‍ ഇന്ത്യ നാല് മെഡലുകള്‍ സ്വന്തമാക്കി. 2020ലെ ടോക്യോ ഒളിംപിക്‌സില്‍ ഷോട്ഗണ്‍ മത്സരയിനമായി നടാടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈയിനത്തിലെ ഇന്ത്യന്‍ മുന്നേറ്റം വരാനിരിക്കുന്ന ഒളിംപിക്‌സില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രചോദനമാകുന്നതാണ്.
ആനന്ദ് രണ്ടാം
സ്ഥാനത്ത് തുടരുന്നു
സെന്റ് ലൂയിസ് (യു.എസ്.എ): ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് സിന്‍ക്വിഫീല്‍ഡ് കപ്പ് ചെസ്സ് ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ആറാം റൗണ്ടില്‍ റഷ്യന്‍ താരം സെര്‍ജി കര്യാകിനെ ആനന്ദ് അനായാസം സമനിലയില്‍ തളച്ചാണ് രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. ആറ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിജയവും അഞ്ച് സമനിലകളുമായാണ് ആനന്ദ് മുന്നേറുന്നത്. ലോക ചാംപ്യന്‍ നോര്‍വെയുയെ മാഗ്നസ് കാള്‍സന്‍, അര്‍മേനിയന്‍ താരം ലെവോന്‍ ആരോനിയന്‍ എന്നിവര്‍ക്കൊപ്പമാണ് നിലവില്‍ ആനന്ദ്. ഫ്രാന്‍സിന്റെ മാക്‌സിം വഷിര്‍ ലഗ്രേവാണ് നാല് പോയിന്റുമായി തലപ്പത്തുള്ളത്.
സിന്ധുവും സൈനയും നേരിട്ട് രണ്ടാം റൗണ്ടില്‍
ഗ്ലാസ്‌ഗോ: ഇന്ത്യന്‍ പ്രതീക്ഷകളായ പി.വി സിന്ധുവിനും സൈന നേഹ്‌വാളിനും ഈ മാസം 21 മുതല്‍ ആരംഭിക്കുന്ന ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചു. ബൈ ലഭിച്ചതോടെ ഇരുവരും രണ്ടാം റൗണ്ടിലാണ് പോരിനിറങ്ങുന്നത്. പുരുഷ വിഭാഗത്തില്‍ കിഡംബി ശ്രീകാന്ത്, സായ് പ്രണീത്, അജയ് ജയറാം, സമീര്‍ വര്‍മ എന്നിവരും മത്സരിക്കാനിറങ്ങുന്നുണ്ട്. വനിതാ സിംഗിള്‍സില്‍ റിതുപര്‍ണ ദാസ്, തന്‍വി ലഡ് എന്നിവരും ഇന്ത്യക്കായി കളത്തിലിറങ്ങും. പുരുഷ ഡബിള്‍സില്‍ മനു അത്രി- സുമീത് റെഡ്ഡി, സാത്വിക് സായ്‌രാജ് റാന്‍കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ പ്രണാവ് ജെറി ചോപ്ര- സിക്കി റെഡ്ഡി സഖ്യവും മത്സരിക്കുന്നുണ്ട്. പ്രണാവ്- സിക്കി സഖ്യത്തിനും ആദ്യ റൗണ്ട് കളിക്കേണ്ടതില്ല. ഇരുവര്‍ക്കും ബൈ ലഭിച്ചിട്ടുണ്ട്. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സിക്കി സഖ്യവും ഇന്ത്യന്‍ പ്രതീക്ഷകളുമായി കളത്തിലിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."