ശ്രീശാന്തിനെ ആഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിക്കണം ബി.സി.സി.ഐക്ക് കെ.സി.എ കത്തയച്ചു
തിരുവനന്തപുരം: ശ്രീശാന്തിനെ ആഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിക്കണമെന്ന ആവശ്യവുമായി കേരള ക്രിക്കറ്റ് അസോസിയേഷന് ബി.സി.സി.ഐക്ക് കത്തയച്ചു.
വാതുവെപ്പ് കേസില്‍ കുടുങ്ങിയ ശ്രീശാന്തിനെതിരേ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയതോടെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിക്കണമെന്ന ആവശ്യവുമായി കെ.സി.എ രംഗത്തെത്തിയത്. ശ്രീശാന്തിന്റെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതായും കെ.സി.എ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഐ.പി.എല്‍ ആറാം സീസണില്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് താരത്തിന് ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ വിലക്ക് പ്രഖ്യാപിച്ചത്.
കേസില്‍ നിന്ന് ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായില്ല. സ്കോട്ടിഷ് ലീഗില്‍ കളിക്കാനുള്ള അനുമതി തേടി ശ്രീശാന്ത് ബി.സി.സി.ഐയെ സമീപിച്ചെങ്കിലും വിലക്ക് നീക്കിയില്ല.
ഇതോടെയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹരജിയില്‍ ശ്രീശാന്തിന് അനുകൂലമായി കോടതി വിധി പറഞ്ഞു.
രാജസ്ഥാന് റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് കിങ്സ് ഇലവന് പഞ്ചാബുമായുള്ള മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16നാണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. ഹൈക്കോടതി വിധി അനുകൂലമായതോടെ ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങി വരവിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് കെ.സി.എ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ശ്രീശാന്തിന് അനുകൂലമായി കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് ബി.സി.സി.ഐക്ക് കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."