പ്രതീക്ഷകളുമായി നീരജ്
ലണ്ടന്‍: ലോക വേദിയിലെ ഇന്ത്യയുടെ ഏക മെഡല്‍ പ്രതീക്ഷയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ നീരജ് ചോപ്ര ഇന്ന് പോരിനിറങ്ങുന്നു. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകളുടെ ഭാരവുമായി നീരജ് ചോപ്ര പുരുഷ ജാവലിന്‍ ത്രോയിലെ യോഗ്യതാ റൗണ്ടിനിറങ്ങും. ഒപ്പം മറ്റൊരു ഇന്ത്യന്‍ താരം ദേവിന്ദര്‍ സിങ് കാങും മത്സരിക്കാനുണ്ട്. മൊത്തം 32 താരങ്ങളാണ് പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടുന്നത്. 16 താരങ്ങള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് യോഗ്യതാ റൗണ്ട്. നീരജ് ഗ്രൂപ്പ് എയിലും ദേവിന്ദര്‍ ഗ്രൂപ്പ് ബിയിലുമാണ് മത്സരിക്കുന്നത്.
നിലവിലെ ഒളിംപിക് ചാംപ്യന്‍ ജര്‍മനിയുടെ തോമസ് റോളര്‍, ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് കെനിയയുടെ ജൂലിയസ് യെഗോ, ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷ്‌റോന്‍ വാല്‍ക്കോട്ട് എന്നിവരെല്ലാം വെല്ലുവിളിയുമായി രംഗത്തുണ്ട്. 86.48 മീറ്ററാണ് നീരജിന്റെ മികച്ച വ്യക്തിഗത പ്രകടനം. 85.63 മീറ്റര്‍ പിന്നിട്ടതാണ് ഈ സീസണിലെ മികച്ച പ്രകടനം. ദേവിന്ദര്‍ ഈ സീസണില്‍ 84.57 മീറ്റര്‍ താണ്ടിയിരുന്നു. ഇതുതന്നെയാണ് താരത്തിന്റെ മികച്ച പ്രകടനവും. ദേവിന്ദറിന്റെ ഫോമും ഇന്ത്യക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്.
19കാരനായ നീരജിന്റെ പേരിലാണ് ജാവലിനിലെ നിലവിലെ ജൂനിയര്‍ ലോക റെക്കോര്‍ഡ്. കാലാവസ്ഥയുമായി പൊരുത്തപ്പെട്ടതായും കഴിഞ്ഞ പത്ത് ദിവസമായി നടത്തുന്ന തയ്യാറെടുപ്പുകളില്‍ ആത്മവിശ്വാസം വര്‍ധിച്ചതായും നീരജ് പറഞ്ഞു. 100 ശതമാനവും പോരാടാന്‍ ഒരുങ്ങിയതായും നീരജ് പ്രതീക്ഷ പങ്കുവച്ചു.
എതിരില്ലാതെ നികെര്‍ക്
നാനൂറ് മീറ്ററില്‍ ദക്ഷിണാഫ്രിക്കന്‍ താരം വെയ്ഡ് വാന്‍ നികെര്‍കിന് എതിരില്ല. നിലവിലെ ഒളിംപിക്, ലോക ചാംപ്യനും ഈയിനത്തിലെ ലോക റെക്കോര്‍ഡ് ജേതാവുമായ നികെര്‍ക് 43.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലോക പോരാട്ടത്തിലെ സ്വര്‍ണം നിലനിര്‍ത്തിയത്. ബാഹാമാസിന്റെ സ്റ്റീവന്‍ ഗാര്‍ഡിനെര്‍ 44.41 സെക്കന്‍ഡില്‍ വെള്ളിയും ഖത്തറിന്റെ അബ്‌ദെല്ല ഹാറൂന്‍ 44.48 സെക്കന്‍ഡില്‍ വെങ്കലവും നേടി.
പത്ത് വര്‍ഷത്തിന് ശേഷം
വീണ്ടും സുവര്‍ണ നേട്ടം
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോക പോരാത്തിലെ ജാവലിന്‍ ത്രോ സ്വര്‍ണം തിരിച്ചുപിടിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌പോടകോവ. 2007ല്‍ ഒസാക ലോക ചാംപ്യന്‍ഷിപ്പിലാണ് താരം ആദ്യമായി ലോക ചാംപ്യയായത്. പിന്നീട് രണ്ട് തവണ വെള്ളിയിലേക്ക് ഒതുങ്ങുകയായിരുന്നു. രണ്ട് തവണ ഒളിംപിക് സ്വര്‍ണം നേടിയ സ്‌പോടകോവ നിലവില്‍ ഒളിംപിക് വെങ്കല മെഡല്‍ ജേത്രിയാണ്.
66.76 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് ചെക്ക് താരത്തിന്റെ സുവര്‍ണ നേട്ടം. ചൈനീസ് താരങ്ങളായ ലിങ്‌വീ ലി 66.25 മീറ്റര്‍ താണ്ടി വെള്ളിയും ഹ്യുഹ്യു ലിയു 65.26 മീറ്റര്‍ പിന്നിട്ട് വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."