പെട്രോള്‍ പമ്പിന് നമ്പര്‍ നല്‍കിയില്ല; ഉടമ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
പള്ളിക്കല്‍: ഗ്രാമപഞ്ചായത്ത് പെര്‍മിറ്റ് അനുവദിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച കുമ്മിണിപ്പറമ്പിലെ പെട്രോള്‍ പമ്പിന് നമ്പര്‍ നല്കാന് തയാറാകാത്ത പള്ളിക്കല്‍ ഗ്രാമപഞ്ചയത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പിന്റെ ഉടമയായ കരിപ്പൂര്‍ മുല്ലക്കുളം വീട്ടില്‍ പി.സി സുബൈദ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നില്‍ ഉപരോധ സമരം നടത്തി. പെട്രോള്‍ പമ്പ് വരുന്നതിനെതിരെ പ്രദേശവാസിയായ താഴഞ്ചേരി ഇസ്മായില്‍ ഹാജി ഹൈകോടതിയില്‍ നല്കിയ പരാതിയില്‍ കേസ് നില നില്‍ക്കുന്നതിനാലാണ് നമ്പര്‍ നല്‍കാത്തതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. രാവിലെ 11 ന് തുടങ്ങിയ ഉപരോധം വൈകിട്ട് അഞ്ചിന് ശേഷവും തുടര്‍ന്നതോടെ പഞ്ചായത്ത് സെക്രട്ടറി പൊലിസില്‍ വരമറിയിക്കുകയും സംഭവ സ്ഥലത്തെത്തിയ തേഞ്ഞിപ്പലം എ.എസ്.ഐ ആലിക്കുട്ടി സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നമ്പര്‍ നല്കാന് തടസമായതിന്റെ കാരണം സെക്രട്ടറി രേഖാമൂലം എഴുതി നല്‍കുകയായിരുന്നു. തുടര്‍ന്ന്് വൈകിട്ട് ആറ് മണിയോടെ ഇവര്‍ സമരം അവസാനിപ്പിച്ചു. പഞ്ചായത്ത് അധികൃതരുടെ ഈ നിയമ വിരുദ്ധ നടപടിക്കെതിരേ കോടതിയില്‍ പോകുമെന്ന് സുബൈദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."